കൊച്ചി: കൊച്ചിയിൽ ചരക്കുനീക്കത്തിന് വൈദ്യുതി ഓട്ടോറിക്ഷകൾ നിരത്തിലേയ്ക്ക്. 18 വൈദ്യുത ചരക്ക് ഓട്ടോറിക്ഷകൾ നഗരസഭ വിതരണം ചെയ്യും. സുസ്ഥിര നഗരവികസന മേഖലയിൽ ലോകത്തെ 125 രാജ്യങ്ങളിൽ നിന്ന് കൊച്ചി ഉൾപ്പെടെ 2500 നഗരങ്ങൾ അംഗമായ ഐ.സി.എൽ.ഇ.ഐ ലോക്കൽ ഗവൺമെന്റ് ഫോർ സസ്റ്റയിനബിലിറ്റി എന്ന സംഘടനയുടെ ദക്ഷിണേഷ്യൻ ഘടകത്തിന്റെ സഹകരണത്തോടെ കൊച്ചി കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

കൊച്ചി നഗരത്തിൽ പരിസ്ഥിതി സൗഹൃദ ചരക്കുഗതാഗതം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വൈദ്യുതി ചരക്ക് ഓട്ടോറിക്ഷകളുടെ സാമ്പത്തിക ക്ഷമത ഉറപ്പു വരുത്തി ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കുകയും കൂടുതൽ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ഓട്ടോറിക്ഷകൾ

പാചകവാതകം, പച്ചക്കറി, കുടിവെള്ളം, ഭക്ഷണം എന്നിവയുടെ വിതരണം, കാറ്ററിംഗ് തുടങ്ങിയ ചരക്കുനീക്കങ്ങളിൽ ഏർപ്പെട്ട 18 പേരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. 6 ഡെലിവറി വാൻ തരത്തിൽപ്പെട്ട ഓട്ടോറിക്ഷകളും 12 പിക് അപ്പ് ഇനത്തിൽപ്പെട്ട ഓട്ടോറിക്ഷകളുമാണ് വിതരണം ചെയ്യുക. ഓട്ടോറിക്ഷകളുടെ ഷോറൂം വിലയുടെ 40 ശതമാനമായ (യഥാക്രമം 1,56,844 രൂപയും 1,30,622 രൂപയും) പദ്ധതിയുടെ ഭാഗമായി നൽകും. ബാക്കി തുക ഉപഭോക്തൃ വിഹിതമായി ഉടമകൾ അടയ്ക്കണം. ബാങ്കുകാർ ആവശ്യപ്പെടുന്ന തരത്തിൽ മാസത്തിലായിരിക്കും അടയ്ക്കേണ്ടത്.

സമൃദ്ധിക്കും ഓട്ടോ

കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ആരംഭിച്ച സമൃദ്ധി പദ്ധതിയുടെ ഭാഗമായി ഭക്ഷണ വിതരണത്തിനായി മൂന്ന് വാഹനങ്ങൾ പദ്ധതിയുടെ ഭാഗമായി നൽകും. വനിതാ ഡ്രൈവർമാർക്ക് മൂന്ന് കാർഗോ ഓട്ടോറിക്ഷാ ഡ്രൈവിംഗ് പരിശീലനം നൽകും. നഗരങ്ങളിൽ സുസ്ഥിരവും പരിസ്ഥിതിസൗഹൃദ ചരക്ക് ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ഇക്കോ ലോജിസ്റ്റിക്ക്. കാർബൺ ബഹിർഗമനം കുറഞ്ഞ നഗര ചരക്ക് ഗതാഗതത്തിനായി സർക്കാർ, സർക്കാരേതര മേഖലകളിൽ ശാക്തീകരണം നടത്തുകയും നയ
രൂപീകരണത്തിനും കർമ്മപദ്ധതികൾക്കും സഹായം നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.