
കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്ക് ആലിൻചുവട് എൻ.എസ്.എസ് ഹാളിൽ ആരംഭിച്ച ഓണം വ്യാപാര മേളയിലും ഓണച്ചന്തയിലും വൻ ജനത്തിരക്ക്. ഗൃഹോപകരണങ്ങൾ, ചേന്ദമംഗലം കൈത്തറി, ഖാദി വസ്ത്രങ്ങൾ, കുടുംബശ്രീ ഉത്‌പന്നങ്ങൾ എന്നിവയും സർക്കാർ സബ്‌സിഡിയോടെ പലച്ചരക്ക് സാധനങ്ങളും പച്ചക്കറികളും മേളയിൽ ലഭിക്കും. സബ്സിഡി നിരക്കിൽ ഗൃഹോപകരണങ്ങളും 20 മുതൽ 30 ശതമാനം വരെ ഡിസ്‌കൗണ്ടിൽ കൈത്തറി, ഖാദി വസ്ത്രങ്ങളും വാങ്ങാം.
മേയർ എം. അനിൽകുമാർ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കണയന്നൂർ അസി. രജിസ്ട്രാർ കെ.ശ്രീലേഖ, കൗൺസിലർമാരായ സി.ഡി.വത്സലകുമാരി, കെ.ബി.ഹർഷൽ, ജോജി കുരീക്കോട്, മുൻ കൗൺസിലർ എം.ബി. മുരളീധരൻ, കെ.എ.അഭിലാഷ്, എസ്.മോഹൻദാസ്, എൻ.എ. അനിൽകുമാർ, സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.