തൃക്കാക്കര: തൃക്കാക്കരയിലെ നിർദ്ദിഷ്ട കേന്ദ്രീയ വിദ്യാലത്തിന് വേണ്ടിയുള്ള ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഉമ തോമസ് എം.എൽ.എ. ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി. തെങ്ങോട് പഴങ്ങാട്ടുചാലിലെ എട്ടേക്കറോളം വരുന്ന ഭൂമിയാണ് കേന്ദ്രീയ വിദ്യാലത്തിനായി കണ്ടെത്തിയത്.

ഇതിൽ ചതുപ്പായി കിടക്കുന്ന ഭാഗം നികത്തി കെട്ടിടം നിർമ്മിക്കാൻ അനുയോജ്യമാക്കിമാറ്റാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കൂടിയ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ടിവരുന്ന നാലുകോടിയോളം രൂപ നഗരസഭ വഹിക്കാമെന്ന് ഏറ്റിരുന്നു. എന്നാൽ തുടർ നടപടികൾ വൈകുന്നതോടെയാണ് എം.എൽ.എയുടെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം ഓണം കഴിഞ്ഞാൽ യോഗം വിളിക്കുന്നതാണെന്നും തീരുമാനമെടുക്കാമെന്നും മന്ത്രി കെ.രാജൻ ഉറപ്പ് നൽകിയതായി എം.എൽ.എ പറഞ്ഞു.