kothamangalam

കോതമംഗലം: ഉരുളൻതണ്ണി മാമലക്കണ്ടം റോഡിൽ അട്ടിക്കളം പാലം അപകടാവസ്ഥയിൽ. കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത്.

രണ്ട് ആദിവാസി ഊര് ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണ് പാലം അപകടാവസ്ഥയിലായതുകാരണം ആശങ്കയിൽ അകപ്പെട്ടത്.

കുട്ടമ്പുഴ, കീരംപാറ സ്കൂളുകളിലെ ബസുകളും ഒരു സ്വകാര്യ ബസും സഞ്ചരിക്കുന്ന പാലമാണിത്. മാമലക്കണ്ടം, മൂന്നാർ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടേതടക്കം നൂറുകണക്കിന് ചെറുവാഹനങ്ങളും ദിവസവും ഇതുവഴി കടന്നുപോകുന്നു. നിലവിൽ ഏതു സമയത്തും തകർന്നുവീഴാമെന്ന അവസ്ഥയിലാണ് പാലം. 2018-19ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ ഒരു വശം തകർന്നിരുന്നു. മണ്ണും കല്ലും ഇട്ട് അറ്റക്കുറ്റപ്പണി ചെയ്തതല്ലാതെ അപകടാവസ്ഥയിലായ പാലം പുതുക്കിപ്പണിയുന്നതിന് വേണ്ട നടപടികൾ അധികാരികൾ കൈക്കൊണ്ടിട്ടില്ല. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പാത അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.