
കാലടി: കുടുംബശ്രീ പ്രവർത്തനം പഠിക്കാൻ അരുണാചൽ പ്രദേശിൽ നിന്നുള്ള സംഘം മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെത്തി. ഇരുപത് പേരടങ്ങുന്ന സംഘം മൂന്ന് ദിവസം മലയാറ്റൂരിൽ ചെലവിട്ടു. അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമോംഗ്, പാപും പരേ, വെസ്റ്റ് കമേംഗ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് മലയാറ്റൂർ സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ, കുടുംബശ്രീയുമായി ബന്ധപ്പെട്ട ജീവനക്കാർ, അവരുടെ മേലധികാരികൾ എന്നിവർ സംഘത്തിൽ ഉൾപ്പെട്ടു. കുടുംബശ്രീ കമ്മിറ്റികൾ കൂടുന്ന രീതി, നടപടികൾ, ലഡ്ജർ എഴുതുന്ന രീതി, പ്രവർത്തനം എന്നിവ കണ്ടുമനസിലാക്കിയ അരുണാചൽ സംഘം സംശയങ്ങൾ തീർത്തു. പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങൾ, സി.ഡി.എസ് മീറ്റിംഗുകൾ എന്നിവയും അവർ നിരീക്ഷിച്ചു. രണ്ടാം വാർഡിലെ മികച്ച കുടുംബശ്രീയായ ദീപത്തിലെ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘത്തിന് മനസിലാക്കിക്കൊടുത്തു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റിൻ,വാർഡ് അംഗം പി.ജെ.ബിജു, പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി അവറാച്ചൻ, സി.ഡി.എസ് വൈസ് പ്രസിഡന്റ് ജയശ്രീ ദിലീപ്,മറ്റ് വാർഡ അംഗങ്ങളായ ആനി ജോസ്, സതി ഷാജി, ബിൻസി ജോയ്, ദീപം കുടുംബശ്രീ പ്രസിഡന്റ് ജാൻസി പൗലോസ്, സെക്രട്ടറി പ്രീതി ആൻറു, എ.ഡി.എസ് സെക്രട്ടറി സിന്ധു ദിലീപ്, ജെ.ഡി.എസ് പ്രസിഡന്റ് ബിനി വേണു, എൻ.ആർ.ഒ മെന്റർ സാവിത്രി വേണുഗോപാൽ, ബ്ളോക്ക് കോ ഓർഡിനേറ്റർ ജിജി എം.രാജൻ എന്നിവർ പങ്കെടുത്തു.