
മൂവാറ്റുപുഴ: ഓണമുറ്റത്തെ ഓണത്തറയിൽ വയ്ക്കാൻ ആയിരക്കണക്കിന് ഓണത്തപ്പന്മാരാണ് വെള്ളൂർകുന്നം ഇ.ഇ.സി മാർക്കറ്റ് ജംഗ്ഷനിൽ ചന്ദ്രൻ എത്തിക്കഴിഞ്ഞു. മുൻ വർഷങ്ങളിലേതു പോലെ പതിവ് തെറ്റാതെ ഇക്കുറിയും ഓണത്തിന് ദിവങ്ങൾക്ക് മുമ്പേ തന്നെ വാളകം കോളാതുരുത്തേൽ ചന്ദ്രൻ സ്ഥാനം പിടിച്ചു കഴിഞ്ഞു. വെള്ളൂർക്കുന്നത്ത് ബൈപാസ് ജംഗ്ഷനിൽ ചന്ദ്രന്റെ മാതാവ് കലയമ്മ തുടങ്ങിവച്ചതാണ് വെള്ളൂർക്കുന്നത്തെ വില്പന കേന്ദ്രം. ചുവപ്പിലും സ്വർണ്ണ നിറത്തിലുമൊക്കെയായി ആകർഷണീമായ ഓണത്തപ്പന്മാരാണ് ഇവിടെയുള്ളത്. ഓണം അടുത്തതോടെ ഓണത്തപ്പന് വൻ ഡിമാന്റായി.
ഓണത്തപ്പനെ വാങ്ങുവാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് ചന്ദ്രൻ പറയുന്നു. മാതാവിന്റെ മരണശേഷം ചന്ദ്രൻ വില്പന ഏറ്റെടുക്കുകയാണ്. ചന്ദ്രൻ സ്വയം നിർമ്മിക്കുന്ന ഓണത്തപ്പൻ ഭക്തി നിർഭരവും കാഴ്ചയ്ക്ക് മനോഹരവുമാണെന്നതാണ് ആളുകളെ ആകർഷിക്കുന്നത്. ഹൈറേഞ്ച് ഉൾപ്പടെ ദൂരെ ദിക്കുകളിൽ നിന്നുവരെ ഓണത്തപ്പനെ വാങ്ങാൻ ധാരാളം പേർ ഇവിടെ എത്തിചേരുന്നു .
ഒരു സെറ്ര് ഓണത്തപ്പന് 150 രൂപയാണ് വില. അമ്മി, ഉരൽ, ഒലക്ക, മുത്തിയമ്മ, 3 ഓണത്തപ്പൻ എന്നിവയാണ്
ഒരു സെറ്റിലുള്ളത്. കീഴ് മാട് ഖാദി ബോഡിന്റെ സഹകരണ സംഘത്തിൽ നിന്ന് ശുദ്ധമായതും പ്രത്യേക തരത്തിലുപ്പെട്ടതുമായ മണ്ണു വാങ്ങി വീട്ടിലെത്തിച്ച് 41ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പാലിച്ചാണ് ചന്ദ്രനും കുടുംബവും ഓണത്തപ്പനുണ്ടാക്കുന്നത്.
മണ്ണിനും പണിക്കുലിക്കും കൂടി ഒരു സെറ്റ് ഓണത്തപ്പന് 130 രൂപയോളം ചെലവ് വരുമെന്ന് ചന്ദ്രൻ പറഞ്ഞു. കൊവിഡിൽ മുങ്ങിയ ആഘോഷങ്ങൾ തിരിച്ചെത്തുമ്പോൾ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രനും കുടുംബവും.