
ആലുവ: ശ്രീനാരായണഗുരുദേവന്റെ 168-ാംജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച ദിവ്യജ്യോതി റിലേ അദ്വൈതാശ്രമത്തിൽ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ആചാര്യൻ പ്രതാപൻ ചേന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി എ.എൻ.രാമചന്ദ്രൻ, യോഗം അസി.സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ.നിർമ്മൽ കുമാർ, ബോർഡ് അംഗങ്ങളായ വി.ഡി.രാജൻ, ടി.എസ്.അരുൺ, യൂണിയൻ കൗൺസിലർമാരായ കെ.കെ.മോഹനൻ, കെ.കുമാരൻ, സജീവൻ ഇടച്ചിറ, കെ.സി.സ്മിജൻ, പോഷകസംഘടനാ ഭാരവാഹികളായ നിബിൻ നൊച്ചിമ, ജഗൽ കുമാർ, വൈഷ്ണവി ബൈജു എന്നിവർ സംബന്ധിച്ചു. വനിതാ സംഘം കേന്ദ്രസമിതി അംഗം ലീല രവീന്ദ്രൻ ദീപാർപ്പണം നടത്തി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം നന്ദിയും പറഞ്ഞു.
അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് സ്വാമി ധർമ്മചൈതന്യ തെളിച്ച ദീപശിഖ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബുവും സൈബർ സേനാ യൂണിയൻ ചെയർമാൻ ജഗൽ കുമാറും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് ജഗൽകുമാറിന്റെ നേതൃത്വത്തിൽ നഗരത്തിൽ 168 അത്‌ലറ്റുകൾ പങ്കെടുത്ത ദിവ്യജ്യോതി റിലേ നടന്നു. ബാങ്ക് കവലയിൽ നിന്ന് പൂത്താലങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ദിവ്യജ്യോതിയെ വനിതാസംഘം പ്രവർത്തകർ ആശ്രമത്തിലേക്ക് ആനയിച്ചു. തുടർന്ന് ദിവ്യജ്യോതി ക്യാപ്ടൻ വി.സന്തോഷ് ബാബു ഏറ്റുവാങ്ങി.
ജ്യോതി പര്യടനം ഇന്ന്
രാവിലെ 9.30ന് എളവൂർ ശാഖയിൽ നിന്നാരംഭിക്കും. തുടർന്ന് എളവൂർ വടക്കേക്കര, പുളിയനം, കോടുശേരി, ചെട്ടിക്കുളം, പൂവത്തുശേരി, പാറക്കടവ്, അയിരൂർ, ചെറുകടപ്പുറം, തേലത്തുരുത്ത്, മെഡിക്കൽ കോളേജ്, ചാലാക്ക, വയൽക്കര, കുന്നുകര, നോർത്ത് അടുവാശേരി, മാലായിക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് ആറിന് സൗത്ത് അടുവാശേരിയിൽ സമാപിക്കും. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും.