തൃക്കാക്കര: പലരിൽ നിന്നായി വാങ്ങിയ ലക്ഷക്കണക്കിനു രൂപ തിരിച്ചുകൊടുക്കാതെ മുങ്ങിയതായി കാക്കനാട് ഈച്ചമുക്കിലെ ശ്രീകൃഷ്ണ ലോട്ടറി ഏജൻസി ഉടമ മലപ്പുറം തവളകുളം താമരശ്ശേരി വീട്ടിൽ ടി.ആർ. സജിത്തിനെതിരെ പൊലീസിൽ പരാതി ലഭിച്ചു.

ഈച്ചമുക്കിൽ രണ്ട് വർഷമായി താമസിച്ചിരുന്ന സജിത്ത് തൊട്ടടുത്തുള്ള വാഴക്കാല സ്വദേശി റഹിമിന്റെ ഫോൺ റീച്ചാർജ് കടയിൽ നിന്നാണ് സ്ഥിരമായി ഓൺലൈൻ വഴി ലോട്ടറി വാങ്ങാനുള്ള പണമിടപാട് നടത്തിയിരുന്നത്. കൃത്യമായി പണം നൽകിയിരുന്ന സജിത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കടം പറഞ്ഞ് അഞ്ച് ലക്ഷം രൂപയുടെ ഓൺലൈൻ ഇടപാട് നടത്തി. കഴിഞ്ഞ 27ന് സജിത്തിന്റെ കട തുറക്കാതെ കിടക്കുന്നത് കണ്ടു സംശയം തോന്നിയ റഹീം ഇയാളെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ റഹിം തൃക്കാക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.

സജിത്തിനെ അന്വേഷിച്ച് മലപ്പുറത്തെ വീട്ടിൽ ചെന്നെങ്കിലും സജിത്ത് വീടുവിട്ട് പോയിട്ട് വർഷങ്ങളായി എന്ന മറുപടിയാണ് വീട്ടുകാർ നൽകിയത്. സജിത്ത് പണം വാങ്ങി കബളിപ്പിച്ചതായി വേറെയും പരാതികൾ പൊലീസിനു ലഭിച്ചു. ചെറുതും വലുതുമായി സമ്മാനം ലഭിച്ച ലോട്ടറി റ്റിക്കറ്റുകൾ ഇയാൾ കൈവശപ്പെടുത്തിയതായി കാക്കനാട് പ്രദേശത്തെ ചില്ലറ ലോട്ടറി വിൽപ്പനക്കാരും പരാതിപ്പെട്ടു. 30 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടന്നതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സജിത്തിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.