കൊച്ചി : എസ്.എസ്.എഫ് കേരള സാഹിത്യോത്സവിന്റെ 29-ാമത് എഡിഷൻ ഇന്ന് എറണാകുളം ടൗൺ ഹാളിൽ ആരംഭിക്കും. കുടുംബം, ബ്ലോക്ക്, യുണിറ്റ്,സെക്ടർ തലങ്ങളിൽ നടന്ന സാഹിത്യോത്സവിന്റെ സമാപനമാണ് കേരള സാഹിത്യോത്സവെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2.30 ന് ലോകസാഹിത്യം, ഇംഗ്ലീഷ്, അറബി സാഹിത്യ മേഖലകളിലെ ആധുനിക രീതികൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. എഴുത്തുകാരായ ബെന്യാമിൻ, എസ്. ഹരീഷ്, പി. ജാബിർ, സനീഷ് ഇളയിടത്ത് , ഉമർ ഇബ്രാഹിം, എം. ജുബൈർ, ഡോ . താജുദ്ദീൻ , സ്വാബിർ സഖാഹി എന്നിവർ പങ്കെടുക്കും.
ശനി, ഞായർ ദിവസങ്ങളിലും വിവിധ വിഷയങ്ങളിൽ സംവാദവും ചർച്ചയും നടക്കും. 8,9,10 തീയതികളിൽ മുവാറ്റുപുഴ പേഴക്കാപ്പള്ളിയിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും ചർച്ചകളും പുസ്തക പ്രകാശനവും ഉണ്ടാകും. മത്സര പരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് നാലിന് മന്ത്രി പി .പ്രസാദ് നിർവഹിക്കും. 10 ന് വൈകിട്ട് നാലിന് സമാപന സംഗമം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് മുഖ്യതിഥിയാകും. വാർത്താസമ്മേളനത്തിൽ വി.എച്ച്. അലി , സി.എൻ. ജാഫർ സ്വാദിഖ് , സി.എ. ഹൈദ്രോസ് ഹാജി, കെ.ബി. ബഷീർ, സയിദ് സി.ടി. ഹാഷിം തങ്ങൾ എന്നിവർ പങ്കെടുത്തു.