1

മട്ടാഞ്ചേരി: ആത്മീയാചാര്യ സാന്നിധ്യത്തിൽ ജൈനസമൂഹം ഉത്സവ ചടങ്ങായ'ക്ഷമാപൺ'ദിനം ആചരിച്ചു. കൊച്ചി ജൈനക്ഷേത്രത്തിൽ ചാതുർമാസ വ്രതാനുഷ്ഠാനം നടത്തുന്ന ആചാര്യൻ ഹൻസ്രാജ് മുനിയാണ് ചടങ്ങിൽ അനുഗ്രഹം നൽകിയത്. വിഗ്രഹാരാധനയില്ലാത്ത സ്ഥാനക് വാസി ആചാര്യനാണ് ഹൻസ്രാജ് മുനി. സമൂഹികമായും വ്യക്തിഗതമായും കഴിഞ്ഞകാല തെറ്റുകൾക്ക് ക്ഷമയാചിച്ചും ക്ഷമിച്ചു മാണ് ജൈനസമൂഹം ക്ഷമാപൺ ദിനാചരണച്ചടങ്ങുകളിൽ പങ്കെടുത്തത്. പരമ്പരാഗത വസ്ത്രത്തിൽ രാവിലെ ക്ഷേത്രദർശനശേഷമാണ് ക്ഷമായാചനം തുടങ്ങുക. പ്രായം മറന്ന് സമൂഹാംഗങ്ങൾക്ക് മുന്നിൽ പരസ്പരം കൈകൂപ്പി തലകുമ്പിട്ട് 'മിച്ചാമി ദുഃഖടം'എന്ന് ഉരുവിട്ടാണ് ക്ഷമാപൺ ദിനം ആചരിക്കുക.

ഗുജറാത്തി റോഡിലെ സ്വേതാംബർ മൂർത്തി പൂജക് ജൈന ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വിവിധ ദേശങ്ങളിൽ നിന്നെത്തിയവരും പങ്കുചേർന്നു. തുടർന്ന് പരിയുഷൻ പർവ്വ് ഉത്സവത്തോടനുബന്ധിച്ച് പത്ത് ദിവസം വരെ ഉപവാസമനുഷ്ഠിച്ച കുട്ടികളടക്കമുള്ളവരെ ജൈനസമൂഹം ആദരിച്ചു. മത ഗ്രന്ഥമായ കല്പസൂത്രവും ഭഗവാന്റെ ഊഞ്ഞാലുമായി നടക്കുന്ന 'പരാന' ന ഗരപ്രദക്ഷിണത്തോടെ വെള്ളിയാഴ്ച വൈകിട്ട് ഉത്സവം സമാ പിക്കും. ചടങ്ങുകൾക്ക് മുംബയിൽ നിന്നെത്തിയ മുതിർന്ന പ്രഭാഷകൻ നിഖിൽ ഭായ്, ക്ഷേത്രഭരണ കമ്മിറ്റി പ്രസിഡന്റുമാരായ കിഷോർകുമാർ ശ്യാംജി കുടുവ, കാന്തിലാൽ ദേവസി ഷാ ,ശരത്കുമാർ നാനാലാൽ എന്നിവർ നേതൃത്വം നൽകി.

ചിത്രം: കൊച്ചി ജൈന ക്ഷേത്രത്തിൽ നടന്ന ക്ഷമാപൺ ചടങ്ങ്.