കൊച്ചി: വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ ഓണാഘോഷം 'ഓണ നിലാവ് ' ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ എറണാകുളം ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലേറെ ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും ഒരു ദിവസം നീണ്ട പരിപാടിയിൽ പങ്കെടുത്തു. സ്വന്തമായി ഉണ്ടാക്കിയ വരികളാണ് താൻ പാടിനടക്കുന്നതെന്ന് നഞ്ചിയമ്മ പറഞ്ഞു. ഭിന്നശേഷിക്കാരുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന ആഗ്രഹത്താലാണ് അട്ടപ്പാടിയിൽ നിന്ന് ഇത്രദൂരം യാത്ര ചെയ്തുവന്നതെന്ന നഞ്ചിയമ്മയുടെ വാക്കുകൾക്ക് സദസ് കരഘോഷത്തോടെ നന്ദിചൊല്ലി. സദസ്യരുടെ ആവശ്യപ്രകാരം അവർ രണ്ടു ഗാനങ്ങളും ആലപിച്ചു. ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നടി സീമ ജി. നായർ, രാജീവ് പള്ളുരുത്തി, എം.പി. ഫൈസൽ, എൻ.കെ. അബൂബക്കർ, അബ്ദുൾ മജീദ്, ഡോ.എൻ.എം. ബാദുഷ, കെ.കെ.സലിം, പൈലി നെല്ലിമറ്റം, കെ.എ. ഗോപാലൻ, സി.എം. അബൂബക്കർ, മണിശർമ്മ, ദീപ മണി എന്നിവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഭിന്നശേഷിക്കാർക്ക് ഓണക്കോടിയും ഭക്ഷ്യകിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു. തണൽ, വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ, പീപ്പിൾ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.