വൈപ്പിൻ: പുതുവൈപ്പിൽ സമഗ്ര അക്വാപാർക്ക് ആരംഭിക്കുന്നതിന് നടപടികളായതായി മത്സ്യബന്ധന മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. വൻ പദ്ധതിയായതിനാൽ ദീർഘമായ പ്രാഥമിക നടപടിക്രമങ്ങൾ തന്നെ പാലിക്കേണ്ടതുണ്ട്.

ഓഷ്യനേറിയം ഉൾപ്പെടുന്ന അക്വാപാർക്ക് സ്ഥാപിക്കുന്നതിന് മത്സ്യബന്ധന മന്ത്രിയുടെ അദ്ധ്യക്ഷതയിലും വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിലും നടത്തിയ യോ ഗതീരുമാനങ്ങളിലെ തുടർനടപടികൾ സംബന്ധിച്ച് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി വിശദീകരണം നൽകിയത്.
ഓഷ്യനേറിയം ഉൾപ്പെടുന്ന അക്വാപാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ച് പ്രദേശത്തെ കണ്ടൽക്കാടുകൾ സംരക്ഷിച്ചും സി. ആർ. ഇസഡ്ചട്ടങ്ങൾ പാലിച്ചും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി കൺസെപ്റ്റ് നോട്ട് തയ്യാറാക്കാൻ എം പാനൽ ഏജൻസിയെ കണ്ടെത്തുന്നതിന് നോട്ടീസ് പ്രസിദ്ധീകരിക്കാൻ സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് താത്പര്യപത്രം (എക്‌സ്‌പ്രെഷൻ ഒഫ് ഇന്ററസ്റ്റ്) തയ്യാറാക്കാൻ ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ള കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനമായ വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസിനു നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ടെക്‌സോ കൊമേഴ്‌സ്യൽ എൻവയൺമെന്റ് ഫീസിബിലിറ്റി സ്റ്റഡി നടത്തുന്നതിന് തുക അനുവദിക്കണമെന്ന് തീരദേശ വികസന കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതി മാർഗനിർദ്ദേശങ്ങൾ പ്രകാരം മുൻകൂർ തുക അനുവദിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) അംഗീകരിക്കുന്ന മുറയ്ക്ക് പദ്ധതി രൂപരേഖ തയ്യാറാക്കിയ തുക കൂടി ഉൾക്കൊള്ളിച്ച് അംഗീകാര്യം ലഭ്യമാക്കുമെന്നു തീരദേശ വികസന കോർപ്പറേഷനെ അറിയിച്ചതായും മന്ത്രി വി അബ്ദുറഹിമാൻ വിശദീകരിച്ചു.