photo

വൈപ്പിൻ: ശ്രീനാരായണഗുരുദേവന്റെ 168-ാം ജയന്തിയാഘോഷങ്ങൾക്ക് വൈപ്പിൻകരയിൽ തുടക്കം. ഇന്നലെ രാവിലെ വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനത്തും വിവിധ എസ്.എൻ.ഡി.പി ശാഖകളിലും 125 കുടുംബ യൂണിറ്റ് കേന്ദ്രങ്ങളിലും മുന്നൂറിൽപ്പരം സ്വയം സഹായ സംഘം കേന്ദ്രങ്ങളിലും നാലായിരത്തിൽപ്പരം ഭവനങ്ങളിലും പീത പതാകകൾ ഉയർന്നു. മേഖലയിലെ വിവിധ സഭകളുടേയും സംഘങ്ങളുടെയും ആസ്ഥാനങ്ങളിലും കൊടി ഉയർത്തി.

എടവനക്കാട് ശ്രീനാരായണ ഭവനിൽ സനീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ നടത്തി. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ പതാക ഉയർത്തി. സെക്രട്ടറി ടി.ബി.ജോഷി ചതയ ദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കെ.വി.സുധീശൻ, യോഗം ബോർഡ് അംഗം കെ.പി.ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.വി.ബാബു, സി.കെ.ഗോപാലകൃഷ്ണൻ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

മുനമ്പം ഗുരുദേവ ക്ഷേത്രം, ചെറായി നെടിയാറ ക്ഷേത്രം, ചെറായി വാരിശേരി ക്ഷേത്രം, അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രം, പുതുവൈപ്പ് മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും പീത പതാകകൾ ഉയർത്തി.

10 ന് ഗുരുജയന്തി ദിനത്തിൽ എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ മുനമ്പം മുതൽ വൈപ്പിൻ വരെ വിളംബരജാഥ ഉണ്ടാകും. വൈകിട്ട് 4ന് പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ നിന്ന് വിവിധ വാദ്യമേളങ്ങളോടെ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ചതയദിന ഘോഷയാത്ര 6ന് ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി. പി യൂണിയന്റെയും ചെറായി വി.വി.സഭയുടേയും ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.