പറവൂർ: ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിച്ച ഗുണഭോക്താക്കളിൽ നിന്ന് തുക തിരിച്ചു പിടിക്കാനുള്ള തിരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ. സൈജൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 2018, 2019 കാലത്ത് ഉണ്ടായ പ്രളയക്കെടുതിയിൽ വീടുകൾ തകർന്നവർക്കാണ് ലൈഫ് ഭവന പദ്ധതി പ്രകാരം വീട് അനുവദിച്ചത്. എന്നാൽ ദുരിതത്തിൽ സർക്കാർ നൽകിയ സഹായധനം ഇപ്പോൾ അനുവദിക്കപ്പെട്ട നാല് ലക്ഷത്തിൽ നിന്ന് കുറച്ചു നൽക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്. ഇതുമൂലം ധനസഹായം ലഭിച്ച ഭൂരിപക്ഷം ഗുണഭോക്താക്കളും പദ്ധതിയിൽ നിന്ന് പിൻമാറുകയാണെന്നും സൈജൻ പറഞ്ഞു.