ins-vikranth

കൊച്ചി: രാജ്യത്തിന് അഭി​മാനമായി​ കൊച്ചി​ കപ്പൽശാല നി​ർമ്മി​ച്ച വിമാനവാഹിനി കപ്പൽ 'വിക്രാന്ത്' പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. കപ്പൽശാലയിൽ രാവിലെ 9.30നാണ് ചടങ്ങ്. ഇന്ത്യ തദ്ദേശീയമായി​ രൂപകല്പന ചെയ്തു നി​ർമ്മി​ച്ച വി​മാനവാഹി​നി​യാണി​ത്.

ദേശീയപതാകയും തുടർന്ന് നാവികസേനയുടെ പതാകയും പ്രധാനമന്ത്രി കപ്പലിൽ ഉയർത്തുന്നതോടെ കപ്പൽ നാവി​ക സേനയുടെ ഭാഗമാകും. ഐ.എൻ.എസ് വിക്രാന്ത് എന്ന് പേരുമാകും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ കർശനമായ സുരക്ഷയോടെ നടക്കുന്ന ചടങ്ങി​ൽ പങ്കെടുക്കും. വി​ക്രാന്തി​ന്റെ സമർപ്പണന ചടങ്ങി​ന് ശേഷം നാവി​കവി​മാനത്താവളത്തി​ൽ നി​ന്ന് ഹെലി​കോപ്റ്ററി​ൽ പ്രധാനമന്ത്രി​ നെടുമ്പാശേരി​ വി​മാനത്താവളത്തി​ലെത്തും. ഇവി​ടെ നി​ന്ന് മംഗലാപുരത്തേക്ക് പോകും.

20,000 കോടി രൂപ ചെലവി​ട്ട് 2005 ഏപ്രിലിൽ നിർമ്മാണം തുടങ്ങി​ 15 വർഷം കൊണ്ടാണ് കപ്പൽ നീറ്റി​ലി​റങ്ങി​യത്. മിസൈൽ ഉൾപ്പെടെ ആയുധങ്ങൾ ഘടിപ്പിച്ച് വി​ക്രാന്ത് യുദ്ധസജ്ജമാകാൻ ഒന്നര വർഷം കൂടിയെടുക്കും.