കൊച്ചി: ഉപഭോക്താവിന് യാത്രാനുമതി നിഷേധിച്ച വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. സേവനത്തിൽ വിമാനക്കമ്പനി ഗുരുതരമായ വീഴ്ച വരുത്തിയതിനാൽ ഉപഭോക്താവിന് ടിക്കറ്റ് തുക തിരിച്ചുനൽകി കോടതി ചെലവ് ഉൾപ്പെടെയുള്ള നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃകോടതി അദ്ധ്യക്ഷൻ ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവർ ഉത്തരവിട്ടു. എറണാകുളം നോർത്ത് പറവൂർ സ്വദേശി പി.വി. അജിത്കുമാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ഒമാൻ എയർവേയ്‌സിൽ ബഹറിനിലേക്കുളള യാത്രയ്ക്കായി സുഹൃത്തിനുവേണ്ടിയാണ് പരാതിക്കാരൻ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ബുക്കിംഗുമായി ബന്ധപ്പെട്ട ക്രെഡിറ്റ് കാർഡ് രേഖകൾ ഹാജരാക്കിയില്ലെന്ന കാരണത്താൽ യാത്രാനുമതി നിഷേധിച്ചു. യാത്രക്കാരൻ മറ്റ് രേഖകൾ ഹാജരാക്കിയെങ്കിലും യാത്രചെയ്യാൻ അനുവദിച്ചില്ല. ഇതുമൂലം അദ്ദേഹത്തിന് യഥാസമയം ജോലിക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു.
അതേസമയം ഉപഭോക്താവല്ല കോടതിയെ സമീപിച്ചത് എന്നതിനാൽ പരാതി നിലനിൽക്കില്ലെന്നായിരുന്നു എതിർകക്ഷിയുടെ വാദം. ഈ വാദം തള്ളിയ കോടതി ടിക്കറ്റ് തുകയായ 18303 രൂപയും 12% പലിശയും 50,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും ഉപഭോക്താവിന് നൽകണമെന്ന് എതിർകക്ഷിക്ക് നിർദ്ദേശം നൽകി.