chathurangapara
ചതുരംഗപ്പാറ

• വിനോദയാത്രയൊരുക്കി കോതമംഗലം കെ.എസ്.ആർ.ടി.സി

കൊച്ചി: ജംഗിൾ സഫാരിക്ക് പുറമെ യാത്രാപ്രേമികൾക്ക് കോതമംഗലം കെ.എസ്.ആർ.ടിസിയുടെ മറ്റൊരു സമ്മാനംകൂടി. ഓണത്തോടനുബന്ധിച്ച് ചതുരംഗപ്പാറയിലേക്കാണ് പുതിയ പാക്കേജ്. ആദ്യമായാണ് ഇവിടേക്ക് കെ.എസ്.ആർ.ടി.സി ട്രിപ്പ് നടത്തുന്നത്.
മലമുകളിലെ കാറ്റാടിപ്പാടം, വ്യൂ പോയിന്റിൽ നിന്നുള്ള അടിവാരക്കാഴ്ചയും തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും ബോഡിനായ്ക്കന്നൂർ, തേവാരം ,കൊച്ചു തേവാരം അണക്കരമെട്ട്, പുഷ്പക്കണ്ടം, മാൻകുത്തി മേട് തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരദൃശ്യങ്ങൾ ചതുരംഗപ്പാറയിൽ നിന്ന് ആസ്വദിക്കാം.

കോതമംഗലത്ത് നിന്നും മൂന്നാറിലെത്തി, ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ ഡാമും വ്യൂപോയിന്റുകളുംകടന്ന് പൂപ്പാറ വഴി ചതുരംഗപാറയിൽ എത്തിച്ചേരും. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം രാജകുമാരി, രാജാക്കാട്, പൊൻമുടി ഡാം, കല്ലാർകുട്ടി ഡാം, പനംകുട്ടി, ലോവർ പെരിയാർ, നേര്യമംഗലം വഴി കോതമംഗലത്ത് തിരികെ എത്തും വിധമാണ് ട്രിപ്പ്.

.......................................................

ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉൾപ്പെടെ ഒരാൾക്ക് 700രൂപയാണ്. ബുക്കിംഗിന് 9446525773, 9447984511

• 3605.64

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയ്ക്ക് സമീപം തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ചതുരംഗപ്പാറ സമുദ്രനിരപ്പിൽ നിന്നും 3605.64 അടി ഉയരത്തിലാണ്.

ബഡ്ജറ്റ് ടൂറിസം 6.5 കോടി കടന്നു

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ നിന്ന് ഇതുവരെ 6.5 കോടി രൂപ വരുമാനം ലഭിച്ചു. 100ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയാണ് യാത്രകൾ.

തുടങ്ങിയത്- 2021 നവംബർ

കെ.എസ്.ആർ.ടി.സിയിൽ വിനോദ യാത്ര നടത്തിയത്- ഒരു ലക്ഷത്തിലധികം പേർ

നിലവിലെ ടൂർ പാക്കേജ്- 427

ട്രിപ്പുകൾ ഇതുവരെ- 2,000

ഏറ്റവും കൂടുതൽ സർവീസ്- മൂന്നാർ പാക്കേജിന് (25ഡിപ്പോകളിൽ നിന്ന്)


പദ്ധതിയുടെ രണ്ടാം ഘട്ടം- കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക്.