പറവൂർ: വ്യാജ പ്രചരണങ്ങൾ നടത്തി തന്നെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും പറവൂരിലെ സി.പി.എം നേതൃത്വം ശ്രമിക്കുന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മണ്ഡലത്തിൽ ഉടനീളം പോസ്റ്റുകൾ ഒട്ടിച്ചും നോട്ടീസുകൾ വിതരണം നടത്തിയുമാണ് വ്യാജപ്രചരണം. അനധികൃതമായി വിദേശയാത്ര നടത്തിയട്ടില്ല, കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് യാത്രകൾ. യാത്രയുടെ ഉദ്ദേശവും ഓരോയാത്രയ്ക്കും നൽകിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉന്നയിച്ച അതേവ്യാജ ആരോപണങ്ങളാണ് വീണ്ടും ആവർത്തിക്കുന്നത്. പുനർജനി പദ്ധതി അന്വേഷിക്കണമെന്ന ആവശ്യം ആഭ്യന്തരവകുപ്പും നിയമസഭാ സ്പീക്കറും ഹൈക്കോടതിയും തള്ളിയതാണ്. ഇതോ ആരോപണങ്ങൾ വീണ്ടും ആവർത്തിക്കുന്നതിന്റെ കാരണം വ്യക്തമാല്ല.
പറവൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിൽ പറവൂരിലെ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന വസ്തുത പുറത്ത് വന്നതാണ് ഇവരെ അസ്വസ്ഥമാക്കിയിരിക്കുന്നത്. വ്യാജ ആരോപണങ്ങളും കള്ളപ്രചരണങ്ങളും നടത്തി മാന്യമായി ജീവിക്കുന്നവരെ ചെളിവാരിയെറിയാൻ ശ്രമിക്കുന്നവരെ പറവൂരിലെ ജനങ്ങൾ തിരിച്ചറിയുമെന്നും സംഘപരിവാർ ബന്ധത്തിന്റെ തൊപ്പി തന്നെക്കാൾ കൂടുതൽ ചേരുന്നത് സി.പി.എം നേതാക്കൾക്കാണെന്നും വി.ഡി. സതീശൻ പറഞ്ഞു.