മൂവാറ്റുപുഴ: ഗ്രാമീണ കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി കുര്യൻ മലയിൽ മിനി സ്റ്റേഡിയം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എയും നഗരസഭാ ചെയർമാൻ പി.പി എൽദോസും അറിയിച്ചു. 60 ലക്ഷത്തോളം രൂപ ചെലവഴിച്ച ടർഫ് മോഡൽ മിനി സ്റ്റേഡിയമാണ് നിർമ്മിക്കുക. ഗാലറി, ഫ്ലഡ്ലൈറ്റ് സംവിധാനവും ഇവിടെ ഉണ്ടാകും. നഗരസഭ ഉടമസ്ഥതയിലുള്ള 65 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ മിനി സ്റ്റേഡിയം നിർമ്മിക്കുക. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് ഡി.പി.ആർ. തയ്യാറാക്കുക. പദ്ധതിച്ചെലവ് 50 ശതമാനം സംസ്ഥാന സർക്കാരും ശേഷിക്കുന്ന തുക നഗരസഭയുടേയും എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കണ്ടെത്തും. ഡി.പി.ആർ. തയ്യാറാക്കുന്ന മുറയ്ക്ക് സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് വ്യക്തമാക്കി.