തൃപ്പൂണിത്തുറ: മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും മെട്രോ ലൈനിന്റെ ഇരുവശത്തുമുള്ള വ്യാപാരികളുടെ ആശങ്ക ഒഴിയുന്നില്ല. മെട്രോയുമായി ബന്ധപ്പെട്ട പശ്ചാത്തലസൗകര്യ വികസനം പൂർണമാകാത്തത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

കൊച്ചിയിലെ മെട്രോയിലെ ഏറ്റവും വലിയ സ്റ്റേഷനായ വടക്കേക്കോട്ടയിലെ തെക്കുഭാഗത്തെ വിംഗിന്റെ പണി തീരാൻ രണ്ടു മാസത്തിലധികം സമയം എടുക്കുമെന്നാണ് വിവരം. സ്റ്റേഷന് സമീപത്തെ റോഡുകൾ പൂർണമായും സഞ്ചാരയോഗ്യമാക്കിയിട്ടില്ല. പടിഞ്ഞാറ് പേട്ട ജംഗ്ഷൻ വരെ ഇരു ഭാഗത്തുമുള്ള റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞു കിടക്കുകയാണ്. പുതിയതായി പണിത നടപ്പാതകൾക്ക് പലയിടത്തുംറോഡിൽ നിന്ന് ഒന്നരയടി ഉയരമുണ്ട്. പണ്ട് വാഹനങ്ങൾ സുഗമമായി വ്യാപാര സ്ഥാപനങ്ങളുടെ മുറ്റത്ത് പാർക്ക് ചെയ്യാമായിരുന്നു. മെട്രോയുടെ മറവിൽ കുത്തനെ കൂട്ടിയ വാടകയിൽ വ്യാപാരികൾ നട്ടം തിരിയുന്നതിനിടയിലാണ് ഉപഭോക്താക്കളെ അകറ്റുന്ന നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

കെ.എം.ആർ.എൽ സ്വന്തമായി ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കിയ പേട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ റോഡിലെ മീഡിയനുകളിൽ ആവശ്യത്തിന് ഗ്യാപ്പുകളില്ലെന്നും പരാതിയുണ്ട്. ഇതും വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾ എത്തുന്നതിന് തടസം സൃഷ്ടിക്കുന്നു. ഇതിനെതിരെ വ്യാപാരികൾ മാസങ്ങൾക്ക് മുമ്പ പരാതി നൽകിയെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല.

"മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് പുതുതായി പണിയുന്ന കച്ചവട സമുച്ചയത്തിൽ പകരം സ്ഥലം നൽകാമെന്ന വാഗ്ദാനം അധികാരികൾ പാലിച്ചില്ല." ടി.എ. ഹൻസാർ , സെക്രട്ടറി കെ.ടി. ജി.എ,​ തൃപ്പൂണിത്തുറ മേഖല

"അശാസ്ത്രീയമായ നടപ്പാത നിർമ്മാണം മൂലം ദൂരെയുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടികൾ പാർക്ക് ചെയ്ത് വരേണ്ട ഗതികേടാണ്. കച്ചവടത്തെ ഇത് സാരമായി ബാധിച്ചു." ഹരിവർമ്മ, വൈസ് പ്രസിഡന്റ് , കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ,​തൃപ്പൂണിത്തുറ നോർത്ത്

സമുച്ചയത്തിലെ താഴെയുള്ള കടമുറികൾ കുറഞ്ഞ വിലയ്ക്ക് കുത്തകൾക്ക് കൊടുത്തു. ആവശ്യക്കാർ കുറഞ്ഞ മുകൾ നിലകളിൽ ഉയർന്ന വിലയാണ് മെട്രോ ആവശ്യപ്പെട്ടത്. ഒഴിപ്പിക്കപ്പെട്ട 150 ഓളം കച്ചവടക്കാർക്ക് നീതി കിട്ടാൻ ഓണം കഴിഞ്ഞ് അനിശ്ചിതകാല ഉപവാസവും സമരങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്."

ടി.വി. രാമചന്ദ്രൻ പ്രസിഡന്റ്, കേരള വ്യാപാര വ്യവസായ ഏകോപന സമിതി തൃപ്പൂണിത്തുറ നോർത്ത്