
തൃക്കാക്കര: ലോറികളിൽ നിന്ന് മാലിന്യം റോഡിലേക്ക് ഒഴുകുന്നത് യാത്രക്കാരെ പൊറുതിമുട്ടിക്കുന്നു. ദുർഗന്ധം കാരണം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ് ജനം.
കൊച്ചി കോർപ്പറേഷൻ, കളമശേരി, തൃപ്പൂണിത്തുറ,ഏലൂർ തുടങ്ങിയ നഗരസഭകളിൽ നിന്ന് ബ്രഹ്മപുരം സംസ്‌കരണ പ്ലാന്റിലേക്ക് പോകുന്ന ലോറികളിൽ നിന്നാണ് മാലിന്യം റോഡിലേക്ക് ഒഴുകുന്നത്. മാലിന്യവുമായി ലോറികൾ പോകുന്ന വഴിയിലെല്ലാം മലിനജലമാണ്. കൊച്ചി കോർപ്പറേഷന്റെ മാലിന്യ വണ്ടികളിൽ ഭൂരിഭാഗവും പ്രധാന റോഡ് ഉപേക്ഷിച്ച് ജനസാന്ദ്രതയുള്ള മേഖലയിലെ ഇടപ്പള്ളി- തൃപ്പൂണിത്തുറ ബൈ റോഡിലൂടെയാണ് പോകുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പ്രതിക്ഷേധത്തിനൊരുങ്ങുകയാണ്. ഏറ്റവും തിരക്കുള്ള സമയങ്ങളിലാണ് മലിനജനം ഒഴുക്കി ലോറികൾ പായുന്നത്. ഗതാഗതക്കുരുക്കിൽപ്പെട്ട ഇരുച്ചക്ര വാഹന യാത്രക്കാരുടെയും വഴിയാത്രക്കാരുടെയും ദേഹത്ത് മലിന ജലം തെറിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം കാക്കനാട് വഴി കടന്നുപോയ കളമശേരി നഗരസഭയുടെ വാഹനം ഇരുച്ചക്ര വാഹനയാത്രികരുടെ ദേഹത്ത് മലിന ജലം തെറിപ്പിച്ചതിനെ തുടർന്ന് യാത്രക്കാർ വണ്ടി തടയുകയും ഡ്രൈവർമാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. കമ്യൂണിറ്റി ഹാളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ടെക്കികളുടെ ദേഹത്തും മലിനജലം തെറിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. മാലിന്യ ലോറികൾ വൻ ഗതാഗതക്കുരുക്കുണ്ടാക്കുന്നതും തുടർക്കഥയാകുന്നു. മാസങ്ങൾക്ക് മുമ്പ് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പോയ ലോറികളിൽ നിന്ന് കടമ്പ്ര സ്വയം ഭൂശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്തും റോഡിന്റെ ഇരുവശത്തും മാലിന്യം വീണതത് പ്രതിഷേധത്തിന് കാരണമായിരുന്നു.