പറവൂർ: പറവൂർ ഗവ. ബോയ്സ് സ്കൂളിന്റെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന് നടക്കും. രാവിലെ പത്തിന് പൂർവ്വവിദ്യാർത്ഥിയും മലയാളഭാഷ ശാത്രജ്ഞനുമായ ഡോ. വി.ആർ. പ്രബോധചന്ദ്രൻ എഴുതി പൂർവ്വവിദ്യാർത്ഥി ഡോ. ഗോപൻ സ്വരത്രയ ചിട്ടിപ്പെടുത്തി വിദ്യാർത്ഥികൾ ആലപിക്കുന്ന ശീർഷക ഗാനത്തോടെ സംഗമം തുടങ്ങും. പൂക്കളമത്സരം, പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി, മുൻ എം.പിമാരായ സാവിത്രി ലക്ഷ്മണൻ, കെ.പി. ധനപാലൻ, മുൻ മന്ത്രി എസ്. ശർമ്മ, പി. മുൻ എം.എൽ.എ പി. രാജു തുടങ്ങിയ ജനപ്രതിനിധികളും സാമൂഹ്യ - സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.