വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ ഓണത്തെ വരവേൽക്കാൻ വൈപ്പിൻ ടൂറിസം മേള 'ആർപ്പോ 2022'ന് ഇന്ന് തുടക്കമാകും . സാംസ്‌കാരിക ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ 3മുതൽ 6വരെ കുഴുപ്പിള്ളി ബീച്ച്, എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിപാടികൾ.
ഇന്ന് വൈകിട്ട് നാലിന് കുഴുപ്പിള്ളി ബീച്ചിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സിനിമാതാരം മുരളി മോഹൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ, കേരള കലാമണ്ഡലത്തിന്റെ നൃത്തനൃത്യങ്ങൾ.
4 ന് രാവിലെ എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ സംസ്‌കാരിക സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനാകും. പ്രൊഫ. മ്യൂസ് മേരി മുഖ്യാതിഥിയാകും. വൈകുന്നേരം നാലുമുതൽ കുഴുപ്പിള്ളി ബീച്ചിൽ വടംവലി, ജൂഡോ മത്സരങ്ങൾ,കലാപരിപാടികൾ. ജസ്റ്റിസ് കെ.കെ. ദിനേശൻ മുഖ്യാതിഥിയായിരിക്കും.
5 ന് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ ഗ്രാമോത്സവം. സാംസ്‌കാരികസദസ് ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ഒ.കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കലാപ്രകടനങ്ങൾ. വൈകുന്നേരം നാലിന് കുഴുപ്പിള്ളി ബീച്ചിൽ സാംസ്‌കാരിക സായാഹ്നം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനമേള, കാലടി സർവകലാശാല വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങളും ഗസൽരാവും.
6ന് വൈകിട്ട് നാലിന് കുഴുപ്പിള്ളി ബീച്ചിൽ വസന്തോത്സവത്തിൽ അസം, പഞ്ചാബ്, ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 85 കലാകാരന്മാർ നൃത്തങ്ങൾ അവതരിപ്പിക്കും. സാംസ്‌കാരിക സമ്മേളനം ബെന്നി പി. നായരമ്പലം ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി . കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വാർത്താസമ്മേളനത്തിൽ അറിയിച്ചു.