
കിഴക്കമ്പലം: സ്വകാര്യ ബസുകാർ സ്കൂൾ കുട്ടികളെ കാണുമ്പോൾ ആട്ടിപായിക്കുന്ന കാലത്ത് കുട്ടികളോട് കൂട്ടുകൂടി അവരുടെ സ്വന്തം ബസെന്ന പേരിലോടുന്ന എലിസബത്ത് ബസിന് വിദ്യാർത്ഥികളും നാട്ടുകാരും സ്കൂൾ മാനേജ്മെന്റും ചേർന്ന് ആദരവ് നൽകി . വ്യത്യസ്തമായ ആദരവിന് വേദിയായത് മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിലാണ്.
ഇവിടെ സ്കൂളിലെത്താൻ ഭൂരിഭാഗം വിദ്യാർത്ഥികളും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ദൂരെ ദിക്കുകളിൽ നിന്ന് പോലും നിരവധി കുട്ടികൾ ഇവിടെ എത്തുന്നുണ്ട്. കുട്ടികളിൽ നിന്ന് സ്‌കൂൾ അധികൃതർ നടത്തിയ ബസ്റ്റ് ബസ് സർവീസ് സർവ്വേയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആലുവ തൃപ്പൂണിത്തുറ റൂട്ടിലോടുന്ന എലിസബത്ത് ബസ് സർവീസാണ്.
ഇന്നലെ സ്‌കൂൾ മാനേജ്‌മെന്റിന്റേയും കാരുണ്യ സ്പർശം പള്ളിക്കരയുടെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.വി. വിജീഷ് പുരസ്കാരം കൈമാറി.
എ.എം.വി.ഐമാരായ രജ്‌നിഷ് , രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കാരുണ്യ സ്പർശം മുഖ്യ രക്ഷാധികാരി സിദ്ധിക്ക് ഹസൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്റ്സ് ഫ്രണ്ട്ലി ബസ് വർക്കേഴ്‌സ് അവാർഡിന് അർഹത നേടിയ ജീവനക്കാർക്ക് സ്‌കൂൾ മാനേജർ കെ. ജോർജ് എബ്രാഹം മെമന്റോ നൽകി. ഹെഡ് മാസ്റ്റർ ജോസ് മാത്യു, അർഷാദ് ബിൻ സുലൈമാൻ, ഇ.എം. അഷറഫ്, ഇ.എ. ഷാനവാസ് തുടങ്ങിയർ സംസാരിച്ചു.