തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ഉയർന്ന ഉദ്യോഗസ്ഥർ കൂട്ടഅവധിയിൽ. ഭരണപരമായ തീരുമാനം നടപ്പിലാക്കേണ്ട നഗരസഭാ സെക്രട്ടറിയും രണ്ട് പ്രധാന വകുപ്പ് മേധാവികളുമാണ് അവധിയിൽ പോയത്. സെക്രട്ടറിയെ കൂടാതെ മുനിസിപ്പൽ എൻജിനിയർ ,ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരും അവധിയിൽ പോകുന്നതോടെ നഗരസഭയുടെ പ്രവർത്തനം പൂർണമായും സ്തംഭിക്കും. ഓണാഘോഷമടക്കമുള്ള പരിപാടികൾ ഇതോടെ താളംതെറ്റും. നഗരസഭാ നേതൃത്വം നിയമവിരുദ്ധമായ കാര്യങ്ങൾക്കുവേണ്ടി ഉദ്യോഗസ്ഥരെ നിരന്തരം ശല്യംചെയ്യുന്നതിലുള്ള പ്രതിഷേധ സൂചകമായിട്ടാണ് കൂട്ട അവധിയെന്ന് അറിയുന്നു. കൗൺസിൽ പാസാക്കാത്ത പദ്ധതികൾ മുൻകൂർ അനുമതി പ്രകാരം നടത്താൻ ഉദ്യോഗസ്ഥർക്ക് മേൽ നഗരസഭാ അദ്ധ്യക്ഷ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മുൻകാലങ്ങളിൽ ഇങ്ങനെ ചെയ്ത നിരവധി ഫയലുകളിൽ ഓഡിറ്റ് വകുപ്പ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട പല ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണ്. ഇതിലും ഉദ്യോഗസ്ഥർക്ക് പ്രതിഷേധമുണ്ട്.