പറവൂർ: നഗരത്തിലൂടെ റിലയൻസ് ജിയോ പോളുകൾ സ്ഥാപിക്കാൻ സെക്രട്ടറി നൽകിയ അനുമതി റദ്ദാക്കാൻ കൗൺസിൽ നിർദേശം. നഗത്തിലെ വിവിധ റോഡുകളിൽ 398 പോളുകൾ സ്ഥാപിക്കാനാണ് കമ്പനി അപേക്ഷ നൽകിയത്.

ഓവർഹെഡ് പോളിന് അനുമതി നൽകേണ്ടെന്നും അണ്ടർഗ്രൗണ്ട് കേബിൾ വലിക്കാൻ അനുമതി നൽകിയാൽ മതിയെന്നും കൗൺസിൽ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ കൗൺസിലിന്റെ അനുമതിയില്ലാതെ സെക്രട്ടറിക്ക് തീരുമാനിക്കാമെന്ന സർക്കാർ ഉത്തരവുമായി കമ്പനി അധികൃതർ സമീപിച്ചപ്പോൾ സെക്രട്ടറി നേരിട്ട് ഓവർഹെഡ് പോൾ സ്ഥാപിക്കാൻ അനുമതി നൽകി.

ഓവർഹെഡ് പോൾ സ്ഥാപിക്കാൻ അനുമതി നൽകേണ്ടെന്ന് കൗൺസിൽ നേരത്തെ തീരുമാനിച്ചതായതിനാൽ അനുമതി കൊടുക്കുന്നതിന് മുമ്പ് സെക്രട്ടറി ഇക്കാര്യം കൗൺസിലിനെ അറിയിക്കണമായിരുന്നെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഏതാനും മാസങ്ങൾക്കു മുമ്പ് തെക്കേനാലുവഴിയിലും പെരുമ്പടന്നയിലും താമരവളവിലും പോളുകൾ സ്ഥാപിച്ചപ്പോൾ നഗരസഭ പിടിച്ചെടുത്തിരുന്നു. പ്രവൃത്തി നിർത്തിവയ്ക്കാനും ഓവർ ഹെഡ് കേബിളിനു പകരം അണ്ടർ ലൈൻ കേബിൾ വലിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൗൺസിൽ തീരുമാനം സർക്കാരിലേക്ക് സമർപ്പിക്കാനും തീരുമാനിച്ചു.