ups-paipra

മൂവാറ്റുപുഴ : സംസ്ഥാനത്തെ മികച്ച പി. ടി .എ അവാർഡിൽ നാലാം സ്ഥാനം നേടി പായിപ്ര ഗവ .യു. പി സ്കൂൾ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമായി മാറി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും സെപ്തംബർ 5 ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ വിദ്യാലയം ഏറ്റുവാങ്ങും.

കഴിഞ്ഞ രണ്ട് വർഷ കാലയളവിൽ വിദ്യാലയത്തിൽ പി .ടി .എ യുടെ നേതൃത്വത്തിൽ നടത്തിയ പാഠ്യ-പാഠ്യേതര മികവുകൾക്ക് ലഭിച്ച അംഗീകാരമാണ് അവാർഡ്. ജില്ലയിൽ ഒന്നാം സ്ഥാനവും പായിപ്ര ഗവ. യു .പി സ്കൂളിനായിരുന്നു. മികച്ച അക്കാഡമിക പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഈ അദ്ധ്യായന വർഷം മൂന്ന് പുതിയ ഡിവിഷനുകളും മുന്നൂറോളം കുട്ടികളും വിദ്യാലയത്തിൽ പഠിക്കുന്നു. കഴിഞ്ഞ വർഷം ജില്ലയിൽ മികവ് മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന അദ്ധ്യാപക അവാർഡും ഈ വിദ്യാലയത്തിലെ കെ. എം . നൗഫലിന് ലഭിച്ചിരുന്നു .

കൊവിഡ് കാലത്ത് മൊബൈൽ ഫോൺ ചലഞ്ചിലൂടെ സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകൽ, പഠന മുറി ഒരുക്കൽ, സ്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കൽ, പച്ചക്കറി കൃഷിയിലൂടെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിഭവങ്ങൾ സമാഹരിക്കൽ , രക്ഷിതാക്കൾക്ക് പഠനോപകരണ നിർമ്മാണ ശില്പശാല, കുട്ടികളുടെ വീടുകളിൽ ഹോം ലൈബ്രറി ഒരുക്കൽ, ഷോർട്ട് ഫിലിം നിർമ്മാണം, ഔഷധ ഉദ്യാന നിർമ്മാണം, പുസ്തകച്ചുമർപദ്ധതി, സ്കൂൾപത്രം തയ്യാറാക്കൽ, അമ്മ വായന, അടുക്കളത്തോട്ടം ഒരുക്കം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് പി.ടി.എ ഏറ്റെടുത്ത് നടത്തിയത്. സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ സഹായവും വിദ്യാലയത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയം ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് അവാർഡെന്ന് പി.ടി.എ പ്രസിഡന്റ് നസീമ സുനിലും ഹെഡ്മിസ്ട്രസ് വി .എ . റഹീമ ബീവിയും പറഞ്ഞു.