കൊച്ചി: നടൻ ദിലീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽമീഡിയ കൂട്ടായ്മ രംഗത്ത്. ദിലീപിനൊപ്പം ഞങ്ങളുണ്ട് എന്ന പ്രഖ്യാപനവുമായി 'ഫോർ റൈറ്റ്‌സ് ഒഫ് ദിലീപ്' എന്ന പേരിലാണ് കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്. ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം കൂട്ടായ്മ രജിസ്റ്റർ ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനാണ് തീരുമാനമെന്ന് ഭാരവാഹി ബിജു തേറാട്ടിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കൂട്ടായ്മയെക്കുറിച്ച് ദിലീപിനെ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള കേസുകളിൽ നടന് നീതി ലഭിക്കണം. സിനിമാ മേഖലയിൽ ദിലീപിന് നിരവധി ശത്രുക്കൾ ഉള്ളതായും കൂട്ടായ്മ ആരോപിച്ചു.
അതേസമയം പുതിയ കൂട്ടായ്മക്കെതിരെ ദിലീപ് ഫാൻസ് അസോസിയേഷൻ രംഗത്തെത്തി. ഫോർ റൈറ്റ്‌സ് ഒഫ് ദിലീപ് സംഘടനയ്ക്ക് ദിലീപുമായോ ദിലീപ് ഫാൻസ് അസോസിയേഷനുമായോ യാതൊരു ബന്ധവുമില്ലെന്ന് അസോസിയേഷൻ അറിയിച്ചു. ദിലീപിനെ സ്‌നേഹിക്കുന്നവരും പിന്തുണക്കുന്നവരും ഈ പരിപാടിയുമായി സഹകരിക്കരുതെന്നും ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.