
കിഴക്കമ്പലം: സാങ്കേതിക വിദ്യയിലുണ്ടായ വളർച്ചയ്ക്കനുസരിച്ച് അതിവേഗത്തിലുള്ള വികസനമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖലയിലുണ്ടാകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യമേഖലയിലെ വികസന നേട്ടങ്ങൾ സാധാരണക്കാരിലേക്ക് കൂടി എത്തിക്കുന്നതിനാണ് സർക്കാർ ശ്രദ്ധകൊടുക്കുന്നത്. കളമശേരിയിലെ കാൻസർ സെന്ററിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മദ്ധ്യകേരളത്തിലെ കിടത്തി ചികിത്സയുള്ള പ്രധാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടായി മാറുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. ചികിത്സാ രീതിയിലുള്ള വളർച്ചയ്‌ക്കൊപ്പം രോഗ നിർണയത്തിനുള്ള പരിശോധനകളും ആവശ്യമാണ്. ബ്ലോക്ക് തലങ്ങളിലെ ആരോഗ്യമേളകൾ ഇത്തരം പരിശോധനകൾക്കുള്ള വേദിയാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹ്നാൻ എം.പി മുഖ്യാതിഥിയായി. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. മേളയോടനുബന്ധിച്ച് നടന്ന വിളംബര ജാഥ അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു.