principal

കൊച്ചി: ദേവീ... ശ്രീദേവീ.. എന്നുതുടങ്ങുന്ന സൂപ്പർ ഹിറ്റ് പാട്ട് സംസ്‌കൃതത്തിലാക്കി അതേ ഈണത്തിൽ പാടുകയാണ് ഇടപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രി​ൻസിപ്പൽ എ.ശങ്കരനാരായണൻ. കുട്ടികളെ സംസ്‌കൃത ഭാഷ സരസമായി പഠിപ്പിക്കാൻ മാഷ് കണ്ടെത്തിയ പാട്ടുപരീക്ഷണം സൂപ്പർ ഹിറ്റ്. കാവ്യമേള എന്ന സിനിമയിലേതാണ് പട്ട്. പാട്ടുകൾക്കൊപ്പം കവിതയും ആലപിക്കും. അതിന്റെ വ‌ൃത്തവും അലങ്കാരവുമൊക്കെ ഇതിലൂടെ പകർന്നുകൊടുക്കും. മൊബൈൽ ആപ്പ് വഴി അദ്ധ്യാപകരും കുട്ടികളും ഇത് പ്രയോജനപ്പെടുത്തുന്നു.

ദേവീ.. ശ്രീദേവീ.. എന്ന ഗാനത്തിന്റെ ആദ്യവരികളിലെ സംസ്കൃതം ഇങ്ങനെ: ദേവീ..ശ്രീദേവീ...അന്വിഷ്യ ആയാമി...
ദേവാലയ പുരതോ അന്വിഷ്യ ആയാമി...

വാതിൽ തുറക്കൂ നീ കാലമേ.. എന്ന പാട്ട്:

'കവാടം അപാവൃണു നാഥഭോ

പശ്യാമോ പ്രേമസ്വരൂപിണം..'

തൃപ്പൂണിത്തുറ ഗവ.സംസ്‌കൃത ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരുന്നപ്പോഴാണ് പരീക്ഷണം തുടങ്ങിയത്. 2005ൽ ഒ.എൻ.വിയുടെ 'തീരെ ചെറിയ ശബ്ദങ്ങളി'ലായിരുന്നു തുടക്കം. വൈലോപ്പിള്ളിയുടെ ഉൗഞ്ഞാൽ, കാക്ക, വയലാറിന്റെ അശ്വമേധം, ചങ്ങമ്പുഴയുടെ കാവ്യനർത്തകി,​ 'ഇന്നലെ നീയൊരു സുന്ദരരാഗമായ്',​ ആബേൽ അച്ചന്റെ 'പരിശുദ്ധാത്മാവേ' തുടങ്ങിയവയും സംസ്‌കൃതത്തിൽ അവതരിപ്പിച്ചു.

ഇരിങ്ങാലക്കുടയിലെ സംസ്‌കൃത അദ്ധ്യാപകരുടെ വെബ്സൈറ്റായ നവവാണിയിൽ ഗാനങ്ങൾ ലഭ്യമാണ്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ 'കേരളത്തിലെ ക്ഷേത്ര ദേവതാ സ്തോത്രങ്ങളിൽ അദ്വൈതത്തിന്റെ സ്വാധീനം' എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ് ശങ്കരനാരായണൻ. അദ്ധ്യാപികയായ പ്രീതി നാരായണൻ കുട്ടിയാണ് ഭാര്യ. മകൻ: പ്ലസ് വൺ വിദ്യാർത്ഥി ശാസ്‌തൃദത്തൻ.

അപൂർവ ഗ്രന്ഥ ശേഖരം

തൃശൂർ കൊടകരയിൽ മാഷിന്റെ കാഞ്ഞിരപ്പറമ്പ് മഠം വീട്ടിൽ അപൂർവഗ്രന്ഥങ്ങളുടെ ശേഖരമുണ്ട്. ബോംബെ ഡാവി​ഞ്ചി​ പബ്ളി​ഷേഴ്സ് കല്ലച്ചി​​ൽ അച്ചടി​ച്ച് 1893ൽ പ്രസി​ദ്ധീകരി​ച്ച രണവീര രത്നാകരം, 1848ലെ സംസ്‌കൃത ബൈബിൾ, മോഷണത്തെ വി​ശകലനം ചെയ്യുന്ന ധർമ്മചൗര്യ രാസായനം തുടങ്ങിയവ കൂട്ടത്തിലുണ്ട്. 2000 പുസ്തകങ്ങളും 8000 പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പികളുമുണ്ട്.

''ആദ്യമായി സംസ്‌കൃതം ക്ളാസിലെത്തുന്ന കുട്ടി​കളുടെ മനസി​ലേക്ക് ഭാഷ എളുപ്പം എത്തി​ക്കാനാണ് സി​നി​മാ ഗാനങ്ങളി​ലൂടെ ശ്രമി​ച്ചത്. അത് വിജയിച്ചു.

- എ.ശങ്കരനാരായണൻ