ആലുവ: പ്രതിസന്ധികളെ മറികടക്കുന്നതിലാണ് സംരംഭകന്റെ മികവെന്നും ജില്ലയിൽ സംരംഭകർക്കായി ലഭ്യമാക്കിയ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജില്ലാ സംരംഭകത്വ വികസന ഇടനാഴി പദ്ധതി ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സംരംഭക വർഷമായി ആചരിക്കുന്ന ഇതേവർഷം ഒരുലക്ഷം സംരംഭങ്ങളാണ് ലഭ്യമാക്കുന്നതെങ്കിലും അഞ്ചു മാസത്തിനകം 52,600 നൂതന സംരംഭങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഒരു വർഷം 10,000 സംരംഭങ്ങൾ ആരംഭിച്ചിരുന്ന നിലയിൽനിന്ന്ഒരു മാസം 10,000ൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാനാകുന്ന സ്ഥിതിയായി. ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഉപദേശകസമിതി രൂപീകരിക്കും. ജില്ലാ പഞ്ചായത്തിനുമാത്രമായി വ്യവസായ ഓഫീസ് ലഭ്യമാക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയതും വ്യത്യസ്തവുമായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനുമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ജില്ലാ സംരംഭകത്വ വികസന ഇടനാഴി. ആലങ്ങാട് കാർഷിക പ്രാധാന്യമുള്ള ബ്ലോക്ക് പഞ്ചായത്തായതിനാൽ വാഴ, ചക്ക, കിഴങ്ങ് എന്നിവയുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ തുടങ്ങാനുള്ള സാങ്കേതിക പരിശീലനമാണ് നൽകിയത്. ചെറിയ മുതൽമുടക്കിൽ തുടങ്ങാൻ പറ്റുന്ന സംരംഭങ്ങളെക്കുറിച്ചും ഡോ. പുഷ്പലത ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സംരംഭകർക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഒന്നാംഘട്ടമായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ കൂടുതൽ തുക അനുവദിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, അംഗങ്ങളായ എം.ജെ. ജോമി, മനോജ് മൂത്തേടൻ, ശാരദ മോഹൻ, കെ.വി. രവീന്ദ്രൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.