ആലുവ: പേങ്ങാട്ടുശേരി അൽഹിന്ദ് പബ്ലിക് സ്‌കൂളിന്റെ ബസ് ഓട്ടത്തിനിടയിൽ എമർജൻസി വാതിൽതുറന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവവർ ആലുവ നാലാംമൈൽ പാറേക്കാട്ടിൽവീട്ടിൽ അനീഷിന്റെ (46) ലൈസൻസ് മോട്ടോർ വാഹനവകുപ്പ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ബസിന്റെ ഫിറ്റ്‌നസും റദ്ദാക്കി.

കാക്കനാട് നടക്കുന്ന റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ സസ്‌പെൻഷൻ പിൻവലിക്കൂ. എമർജൻസി വാതിൽ അബദ്ധത്തിൽ തുറക്കുന്നത് തടയുന്നതിനുള്ള സുരക്ഷാ ഗ്ലാസ് ഷീൽഡ് ബസിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ തകരാറടക്കം പരിഹരിച്ച് വീണ്ടും ടെസ്റ്റ് നടത്തിയാലേ ബസിന് ഫിറ്റ്‌നസ് ലഭിക്കൂ. തകരാറുകൾ കണ്ടെത്തിയ സ്‌കൂളിലെ മറ്റ് ആറ് ബസുകളുടേയും തകരാറുകൾ പരിഹരിച്ച് ടെസ്റ്റ് നടത്താനും മോട്ടോർ വാഹനവകുപ്പ് സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി.