വൈപ്പിൻ: ഫോൺ വിളിക്കാനെന്ന വ്യാജേന പള്ളി ഇമാമിന്റെ മൊബൈൽഫോൺ വാങ്ങിയ യുവാവ് ഫോണുമായി കടന്നുകളഞ്ഞു. എടവനക്കാട് പഴങ്ങാട് മുഹിയുദ്ദീൻ പള്ളി ഇമാം അശറഫ് ബാഖവിയുടെ ഫോണാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് പള്ളിയിലെത്തിയ യുവാവ് തന്റെ മൊബൈൽഫോൺ ബസിൽവച്ച് മറന്നുപോയെന്നുപറഞ്ഞു. അതിലേക്ക് വിളിക്കുന്നതിനായി ഇമാമിന്റെ മൊബൈൽഫോൺ ആവശ്യപ്പെട്ടു. ഫോണിൽകോൾചെയ്ത് പുറത്തേക്കുപോയ ഇയാൾ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാതായതോടെയാണ് കടന്നുകളഞ്ഞതായി മനസിലായത്. പള്ളി കമ്മിറ്റി ഞാറക്കൽ പൊലീസിൽ പരാതി നൽകി.