മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പേവിഷ പ്രതിരോധ വാക്‌സിൻ കിട്ടാത്തതിനെത്തുടർന്ന് ബഹളം. പൂച്ച കടിച്ചതിനെത്തുടർന്ന് കുത്തിവയ്പ്പിനായി ജനറൽ ആശുപത്രിയിൽ എത്തിയ രണ്ടാറ്റിൻകര സ്വദേശിയെ വാക്സിനില്ലെന്ന് പറഞ്ഞ് തിരിച്ചയക്കാൻ ശ്രമിച്ചതോടെയാണ് ബഹളം തുടങ്ങിയത്. ഈ വാക്‌സിനെടുക്കാൻ വേറെയും ആളുകൾ എത്തിയിരുന്നു. കുത്തിവയ്പ്പെടുക്കാതെ പോകില്ലെന്ന് വ്യക്തമാക്കി ഇവർ ബഹളം വയ്ക്കുകയും ആശുപത്രിയിൽ കുത്തിയിരിക്കുകയും ചെയ്തതോടെ കരുതലായി സൂക്ഷിച്ചിരുന്ന വാക്‌സിൻ നൽകി ആശുപത്രി അധികൃതർ തലയൂരുകയായിരുന്നു.
ആശുപത്രിയിൽ നേരത്തെ ആവശ്യത്തിന് പേവിഷ പ്രതിരോധവാക്‌സിൻ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. ഇവിടേക്ക് 2000 ഡോസ് വാക്‌സിൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനു കത്ത് നൽകിയിട്ടുണ്ടെന്നും ഉടൻ എത്തുമെന്നുമാണ് വിശദീകരണം.