കൊച്ചി: സർക്കസിലെ കോമാളിയുടെ മേക്കപ്പ് പോലെയാണ് കൊച്ചിയുടെ നഗര സൗന്ദര്യം. മഴ നനഞ്ഞാൽ ചായമെല്ലാം ഒലിച്ചുപോകും. അറബിക്കടലിന്റെ റാണി അഴുക്കുചാലിൽ മുങ്ങിയതു തന്നെ. ദുർഗന്ധവും രോഗാണുക്കളും പ്രസരിക്കുന്ന പട്ടണത്തിലൂടെ കാൽനട യാത്രയും വാഹന ഗതാഗതവും ദുസഹമാകും. കേന്ദ്ര- സംസ്ഥാന- പ്രാദേശിക സർക്കാരുകൾ കോടാനുകോടികൾ കോരിയൊഴിച്ചിട്ടും നഗരമെന്തേ നന്നാകുന്നില്ലെന്ന ചോദ്യം സകലകോണിലും മുഴങ്ങുകയാണ്.
പട്ടണത്തിന്റെ മുക്കിനും മൂലയിലും നാലാൾ കൂടുന്നിടത്തൊക്കെ ചൂടേറിയ ചർച്ച കൊച്ചിയിലെ വെള്ളക്കെട്ട് മാത്രമാണ്. കാലാവസ്ഥയും പരിസ്ഥിതിയും പരിതസ്ഥിതിയും അങ്ങേയറ്റം വഷളായി നഗരാന്തർഭാഗത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിയെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. ആരാണ് അതിനൊക്കെ ഉത്തരവാദി അല്ലാത്തതെന്നാണ് പുതിയ ചിന്താവിഷയം. മുനിസിപ്പൽ കോർപ്പറേഷൻ മുതൽ കേന്ദ്രസർക്കാർ വരെ പ്രതികൂട്ടിലാണെന്ന കാര്യത്തിൽ ആർക്കും ഭിന്നാഭിപ്രായമില്ല. ഓടയിലേക്ക് മാലിന്യം വലിച്ചെറിയുന്ന നഗരവാസികളും ചെറുതും വലതുമായ വ്യാപാരികളും നഗരത്തിന്റെ ജല' ദോഷ’ ത്തിൽ പങ്കാളികളാണ്. പ്രശ്നം തൊലിപ്പുറത്തെ ലേപന ചികിത്സകൊണ്ട് മാറ്റാനാവുന്നതല്ല. മേജർ ശസ്ത്രക്രിയതന്നെ വേണം. അതിന് പറ്റിയ ഭിഷഗ്വരന്മാർ ഇല്ലെന്നതാണ് ഇന്നത്തെ പ്രധാനപ്രശ്നം. പൊതുജനം നഗരസഭയേയും നഗരസഭ സംസ്ഥാന സർക്കാരിനേയും സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനേയും പഴിച്ച് ഇനി മുന്നോട്ടുപോകാനാവില്ല.
കഴിഞ്ഞമാസം 30 ന് ഉണ്ടായ പ്രളയമാണ് കൊച്ചിക്കാരെ ഇരുത്തി ചിന്തിപ്പിച്ചത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ (മേഘവിസ്പോടനം) നഗരത്തിന്റെ തന്ത്രപ്രധാനകേന്ദ്രങ്ങളെല്ലാം വെള്ളത്തിലായി. 2018 ലെ മഹാപ്രളയത്തിൽ വെള്ളം കയറാതിരുന്നിടം പോലും ആഗസ്റ്റ് 30 ലെ മിന്നൽ പ്രളയത്തിൽ മുങ്ങി. നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. രണ്ടുവർഷത്തെ കൊവിഡ് മഹാമാരിയിൽ നടുവൊടിഞ്ഞുകിടന്ന വ്യാപാരമേഖല ഓണക്കാലമെന്ന വാക്കറിൽ പിടിച്ച് നടക്കാനൊരുങ്ങുമ്പോഴാണ് ഇടിത്തീപോലെ മേഘവിസ്ഫോടനമുണ്ടായത്.
തുണിത്തരങ്ങൾ, ബാഗ്, തുകൽ ഉത്പന്നങ്ങൾ, ധാന്യങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കിടക്കകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് വീണ്ടേടുക്കാനാവാത്ത വിധം നഷ്ടമായത്. നഗരത്തിലെ 6 കനാലുകളിലെ ജലനിർഗമനം തടസപ്പെട്ടതാണ് വെള്ളക്കെട്ടിന്റെ പ്രധാനകാരണമായി പറയപ്പെടുന്നത്. 2018 ലെ പ്രളയം മുതൽ കൊവിഡ് വരെയുള്ള നഷ്ടത്തിന് പിന്നാലെ ഇപ്പോഴുണ്ടായ ദുരന്തംകൂടി താങ്ങാനാവാത്ത അവസ്ഥയിലാണ് പല വ്യാപാരികളും. അതുകൊണ്ടുതന്നെ ഇനിയുമൊരു ദുരന്തം വരെ കാത്തിരിക്കാതെ അടിയന്തര ശസ്ത്രക്രിയ തുടങ്ങിയെ പറ്രു. പതിറ്രാണ്ടുകളായി ഈ നഗരത്തിൽ അധിവസിക്കുന്ന സാധാരണക്കാർക്കും സാങ്കേതിക വിദഗ്ദ്ധർക്കുമൊക്കെ കൊച്ചിയുടെ പാപമോചനത്തിനായി പലതും പറയാനുണ്ട്.
( നാളെ: മുൻ മേയർ കെ. ജെ. സോഹൻ സംസാരിക്കുന്നു)