
പറവൂർ: പാട്ടുകളെ പോലെ കുട്ടികളുടെ മനസിൽ തങ്ങുന്ന മറ്രൊന്നുമില്ല. വിദ്യാർത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിന് പാട്ടിലൂടെ വഴിവെട്ടുകയാണ് ഒരു അദ്ധ്യാപകൻ.
മലയാളത്തിലെയും തമിഴിലെയും ഹിറ്റ് പാട്ടുകളെ പാരഡിയാക്കി ഹയർ സെക്കൻഡറി സാമ്പത്തിക ശാസ്ത്ര പഠനം അനായാസമാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയാണ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു അദ്ധ്യാപകൻ പ്രമോദ് മാല്യങ്കര. ക്ളാസ് മുറിയിൽ വ്യത്യസ്ത ശൈലികളിൽ പഠനം നടത്തുന്ന പ്രമോദിന്റെ പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രപാഠങ്ങൾ കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് തുടങ്ങിയ കലാരൂപങ്ങളിലൂടെയും പ്രമോദ് അവതരിപ്പിച്ചിട്ടുണ്ട്. ഗാനങ്ങൾ അവതരിപ്പിക്കുന്നത് സ്കൂളിലെ വിദ്യാർത്ഥികളാണ്. പാരഡി ഗാനങ്ങൾ രസകരമാക്കി സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന ഭാഗങ്ങൾ വളരെ എളുപ്പം വിദ്യാർത്ഥികൾക്ക് പഠിക്കാനാകുമെന്ന് പ്രമോദ് പറഞ്ഞു.