
ആലുവ: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സിമന്റ് മിശ്രിതം ഒഴുക്കിയതിനെ തുടർന്ന് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എടയറിൽ പ്രവർത്തിക്കുന്ന
പൊതുശ്മശാനത്തിലേക്കുള്ള റോഡ് തകർന്നതായി പരാതി. സിമന്റ് മിശ്രിതം റോഡിലൂടെ എടയാറ്റുചാലിലേക്ക് ഒഴുകുന്നതിനാൽ കർഷകരും ദുരിതത്തിലായി.
ആർ.എം.സി റെഡിമിക്സ് എന്ന സ്ഥാപനത്തിൽ നിന്ന് സിമന്റ് മിശ്രിതം റോഡിലേക്ക് ഒഴുക്കുന്നുവെന്നാണ് ആക്ഷേപം.
കോൺക്രീറ്റ് റെഡിമിക്സ് ഉണ്ടാക്കുന്ന കമ്പനിയിലെ സിമന്റ് കലർന്ന മലിനജലം റോഡിൽ മുട്ടോളം ഉയരത്തിൽ കെട്ടിക്കിടക്കുകയാണ്. ദീർഘനാളായി മാലിന്യം തള്ളുകയാണെന്നാണ് ആരോപണം. നാട്ടുകാർ പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. മാലിന്യം സംസ്കരിക്കാൻ സ്ഥാപനത്തിൽ ഒരു സംവിധാനവുമൊരുക്കിയിട്ടില്ലത്രെ. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് നടപടിയെടുക്കാത്തതും ദുരൂഹമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
യൂത്ത് കോൺഗ്രസ് പ്രതിഷേധം,
പഞ്ചായത്തിനെതിരെയും ആക്ഷേപം
പൊതുശ്മശാന റോഡിൽ സിമന്റ് മാലിന്യം ഒഴുക്കി നാട്ടുകാരെ ദുരിതത്തിലാക്കുന്ന സ്ഥാപനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ശ്മശാനത്തിലേക്കുള്ള വഴിയായിട്ടും പഞ്ചായത്ത് കമ്മിറ്റി ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രതിഷേധം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സഞ്ചു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാസർ എടയാർ, കെ.എസ്. നന്മദാസ്, അജയ് അലക്സ്, മനൂപ് അലി, സി.എം.സുബൈർ, രാഹുൽ ജോർജ്, ഷിബിൻഷാദ്, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.