കൊച്ചി: നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ടിന്റെ കാരണം തിരക്കി പാഴൂർ പടിപ്പുരവരെ പോകേണ്ടതില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കൊപ്പം നഗരാസൂത്രണത്തിലെ പിഴവുമാണ് കൊച്ചിയുടെ ശാപം. വിവിധ വകുപ്പുകളുടെ പരസ്പര പൂരകമല്ലാത്ത വികസന പദ്ധതികളും അധികാര വികേന്ദ്രീകരണം ഏട്ടിലെ പശു ആയി മാറിയതും കൂനിന്മേൽകുരുവായി. കായൽ പടിഞ്ഞാറ് ദിക്കിലാണെങ്കിലും നഗരത്തിലെ പ്രധാന കനാലുകളിലെ പലതിന്റെയും നീരൊഴുക്ക് കിഴക്കോട്ടാണ്. ഇത് പരിഹരിക്കാതെ നഗരത്തിലെ വെള്ളക്കെട്ട് അവസാനിക്കില്ല. എന്നാൽ കനാലുകളുടെ മേൽ നഗരസഭയ്ക്ക് യാതൊരു അധികാരവുമില്ലെന്നതാണ് വസ്തുത.
നഗരപാലിക നിയമം (74- ാം ഭേദഗതി -1994) നടപ്പിലാക്കി 30 വർഷമായെങ്കിലും അധികാര വികേന്ദ്രീകരണം ഇനിയും യാഥാർത്ഥ്യമായിട്ടില്ല. എല്ലാ കടിഞ്ഞാണും തലസ്ഥാനത്തുതന്നെ. എന്തിനും ഏതിനും മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടേയും കനിവുതേടി തലസ്ഥാനത്തേക്ക് ഓടണം. നഗരപാലിക നിയമത്തിന്റെ 12-ാം ഷെഡ്യൂളിലുള്ള 18 അനിവാര്യ ചുമതലകളിൽ ഒന്നുപോലും സ്വതന്ത്രമായി നടപ്പിലാക്കാനുള്ള അധികാരം കൊച്ചി കോർപ്പറേഷന് ഇല്ല. അതിൽ ഒന്നാമത്തെ ഇനം ടൗൺ പ്ലാനിംഗ് നഗരാസൂത്രണവുമാണ്.
ഭൂമിയുടെ ഉപയോഗവും കെട്ടിടങ്ങളുടെ നിർമ്മാണവും നിയന്ത്രിക്കലാണ് രണ്ടാമത്തേത്. ഈ രണ്ട് കാര്യങ്ങളിലുമുണ്ടായ പാകപ്പിഴകളാണ് നഗരം ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം.
കോർപ്പറേഷൻ സെക്രട്ടറി ഐ.എ.എസുകാരാകണം. അധികാരം പ്രയോഗിക്കാൻ കാര്യശേഷിയുള്ള ഉദ്യോഗസ്ഥരുടെ അഭാവം കൊച്ചി പോലൊരു മഹാനഗരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമാണ്. ടൗൺ പ്ലാനിംഗ് സർവേയ്ക്ക് സർവ്വേയർ ഇല്ല. കനാലുകളിലും ഓടയിലുമൊക്കെ മാലിന്യം കുമിഞ്ഞുകൂടുന്നത് തടയാൻ അധികാരമുള്ള ഉദ്യോഗസ്ഥരുടെ അഭാവം ഗുരുതരമായ പ്രശ്നമാണ്.
പാതിവഴിയിലായ പദ്ധതികൾ
1. 2016 മാർച്ച് 28ന് പ്രവർത്തനം ആരംഭിച്ച സ്മാർട്ട് സിറ്റി പദ്ധതി ചാപിള്ളയായി. 2070 കോടിരൂപയുടെ കേന്ദ്രസഹായം ലഭിച്ചിട്ടും 250 കോടിപോലും ഇതുവരെ ചെലവഴിക്കാനായിട്ടില്ല. അടുത്ത ജൂണിൽ പദ്ധതിയുടെ കാലാവധി തീരുന്നതോടെ അനുവദിച്ച മുഴുവൻ പണം ലാപ്സാകും.
2. കൊച്ചിയിലെ 6 കനാലുകളിലെ ജലനിർഗമനം സുഗമമാക്കുന്നതിന് 1400 കോടിരൂപയുടെ പദ്ധതി തയ്യാറാക്കാൻ സംസ്ഥാന സർക്കാർ ഡച്ച് കൺസൽട്ടൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഒന്നും നടക്കുന്നില്ല.
3. കൊച്ചി കായലിന്റെ അടിത്തട്ടിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പോർട്ട് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. കായലിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യുന്നതിന് പോർട്ട് ട്രസ്റ്റ് തയ്യാറാകുന്നില്ല.
എവിടെ പോയി ചീഫ് ഹെൽത്ത് ഓഫീസർ
കോർപ്പറേഷൻ പരിധിയിലെ ശുചീകരണവും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വിപുലമായ അധികാരങ്ങളുള്ള ചീഫ് ഹെൽത്ത് ഓഫീസർ തസ്തിക കഴിഞ്ഞ 12 വർഷമായി ഒഴിഞ്ഞുകിടക്കുകയാണ്. നഗരപാലിക നിയമത്തിൽ പറയുന്ന സുപ്രധാന തസ്തികയാണ് ചീഫ് ഹെൽത്ത് ഓഫീസർ. അതിനുതാഴെ അസി. ഹെൽത്ത് ഓഫീസർമാരുമുണ്ട്. എം.ബി.ബി.എസ് പാസായി കമ്മ്യൂണിറ്റി മെഡിസിനൽ ഡിപ്ലോമ ഉൾപ്പെടെ അധിക യോഗ്യതയുമുള്ള ഡോക്ടറാകണം ചീഫ് ഹെൽത്ത് ഓഫീസർ. ഇവർക്കായി മനോഹരമായ ബംഗ്ലാവും, സഞ്ചരിക്കാൻ വാഹനവും മറ്റ് എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. വളരെയേറെ അധികാരങ്ങളുള്ള ഈ പദവിയിൽ ഇന്നുള്ളത് കേവലമൊരു ഹെൽത്ത് ഇൻസ്പെക്ടറാണ്.