
മൂവാറ്റുപുഴ: ബസ് യാത്രയ്ക്കിടെ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ വയോധികയെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ സഹയാത്രികയായ ഡോക്ടർ കെ. ജൂനിയയെ മുസ്ലിം ലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പുതിയകാവ് സ്വദേശിയായ പുഷ്പയുടെ ജീവനാണ് ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.കെ.ജൂനിയ രക്ഷപെടുത്തിയത്. മുസ്ലിം ലീഗ് ആവോലി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുഹമ്മദ് ഡോക്ടർ ജൂനിയയ്ക്ക് ഉപഹാരം നൽകി. കർഷക സംഘം ജില്ലാ പ്രസിഡന്റ് എം.എം.അലിയാർ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി യു.പി.ജമാൽ, മണ്ഡലം സെക്രട്ടറി ഫാറൂഖ് മടത്തോടത്ത് , സി.പി. അലിയാർ, ആവോലി പഞ്ചായത്ത് അംഗം അഷറഫ് മൈതീൻ, ഡോ.പ്രിയ ബെൽരാജ് , കാസിം അടുപ്പറമ്പ് എന്നിവർ പങ്കെടുത്തു.