
കുറുപ്പംപടി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഓണസമൃദ്ധി 2022 കർഷകച്ചന്ത രായമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കീഴില്ലം കൃഷിഭവൻ ബിൽഡിംഗിൽ ആരംഭിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം രായമംഗലം ഗ്രാമപഞ്ചായത്ത് കർഷകർ ഉത്പാദിച്ച ജൈവ പച്ചക്കറികൾ, വാഴക്കുലകൾ, വട്ടവടയിൽ നിന്ന് സംഭരിച്ച ശീതകാല പച്ചക്കറികൾ, ഹോർട്ടിക്കോർപ്പിൽ നിന്ന് സംഭരിച്ച നാടൻ പച്ചക്കറികൾ ഉൾപ്പടെയാണ് വില്പന നടത്തുന്നത്.
രായമംഗലം പഞ്ചായത്തുതല ഉദ്ഘാടനം കീഴില്ലം കൃഷിഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ.പി.അജയകുമാർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കീഴില്ലം സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ, വാർഡ് അംഗങ്ങളായ
സജി പടയാട്ടിൽ, പി.വി.ചെറിയാൻ, കാർഷിക വികസന സമിതി അംഗം ഇ.വി.ജോർജ്, കൃഷി ഓഫീസർ ഡോ. സ്മിനി വർഗീസ്, സീനിയർ കൃഷി അസിസ്റ്റന്റ് കെ.എം.റഷീദ് തുടങ്ങിയവർ സംസാരിച്ചു. ഏഴാം തീയതി വരെ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് വിലക്കുറവിൽ പച്ചക്കറികൾ നൽകുന്നതാണ്.