പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 892 -ാം നമ്പർ പുല്ലുവഴി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ഇന്നലെ വിളംബര വാഹന ജാഥ ശാഖാതിർത്തിയിൽ പര്യടനം നടത്തി. രാവിലെ ഗുരുപൂജയ്ക്കുശേഷം 10 മണിക്ക് ജയന്തി വിളംബര വാഹന ജാഥ ശാഖാ പ്രസിഡന്റ് പി.ഐ.ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജയന്തി ദിനമായ 10ന് രാവിലെ 10 മണിക്ക് വർണശബളമായ ജയന്തി ഘോഷയാത്ര ശാഖാ മന്ദിരത്തിൽ നിന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് കലാ, കായിക മത്സരങ്ങൾ നടക്കും. തുടർന്ന് വൈകിട്ട് 4 മണിക്ക് ശാഖാ പ്രസിഡന്റ് പി.ഐ.ശിവരാജന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജയന്തി സമ്മേളനം ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗം കെ.എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മികച്ച കർഷകനുള്ള കേരളകൗമുദി അവാർഡ് ലഭിച്ച പി.ഐ.ശിവരാജൻ, മികച്ച സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ച പി.ബി.അനീഷ് , മികച്ച സേവനത്തിനുള്ള എക്‌സൈസ് മെഡൽ നേടിയ കെ എൻ.ബിജുമോൻ, മികച്ച ക്ഷീര കർഷക ബിജി ജയൻ പുളിയ്ക്കൽ എന്നിവരെ നങ്ങേലിൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഡോ. വിജയൻ നങ്ങേലിൽ ആദരിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ശാഖാ പ്രസിഡന്റ് പി.ഐ. ശിവരാജനും അവാർഡ് ദാനം ശാഖാ വൈസ് പ്രസിഡന്റ് പി.കെ.ശിവനും നിർവഹിക്കും. മുൻ ശാഖാ പ്രസിഡന്റ് കെ.എം.സുബ്രഹ്മണ്യൻ, ശാഖാ സെക്രട്ടറി പി.കെ.നാരായണൻ, യൂണിയൻ കമ്മിറ്റി അംഗം കെ.എം. ദിനകരൻ എന്നിവർ സംസാരിക്കും.