കോലഞ്ചേരി: കുന്നത്തുനാട്ടിലെ നിർദ്ധനർക്ക് സ്‌നേഹസമ്മാനമായി അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എയുടെ ഓണക്കോടി. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ നിരാലംബരായ 100 വയോജനങ്ങൾക്കാണ് ഓണക്കോടി നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 ന് പുത്തൻകുരിശ് പഞ്ചായത്തിൽ നടക്കും. കുടുംബശ്രീ സ്‌നേഹിതയുടെ കോളിംഗ് ബെൽ പദ്ധതിയുടെ ഭാഗമായി സി.ഡി.എസുകൾ നടത്തിയ സർവേയിൽ കണ്ടെത്തിയ 93 സ്ത്രീകൾക്കും 7 പുരുഷൻമാർക്കുമാണ് ഓണക്കോടി കൈമാറുന്നത്. കുടുംബശ്രീ സഹകരണത്തോടെ ബന്ധപ്പെട്ട സി.ഡി.എസുകൾ വഴിയാണ് ഓണക്കോടി വിതരണം. വയോജനങ്ങളുടെ സംരക്ഷണമടക്കമുള്ള കാര്യങ്ങളും കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കുമെന്ന് എം.എൽ.എ പറഞ്ഞു.