
അങ്കമാലി: എഴുത്തിലെയും ചലച്ചിത്രങ്ങളിലെയും കാൽപ്പനിക ഭാവം പ്രകൃതി ആവശ്യപ്പെടുന്ന ഭാവതലമാണെന്നും അത് അയാഥാർത്ഥ്യമല്ലെന്നും ചലച്ചിത്ര സംവിധായകൻ കമൽ. മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിലിന്റെ ' പ്രകൃതി - ഭാവങ്ങൾ പ്രതിഭാസങ്ങൾ' എന്ന പുസ്തകത്തെ ആസ്പദമാക്കി ' പ്രകൃതിയും മനുഷ്യനും ' എന്ന വിഷയത്തിൽ നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ സിനിമയിൽ പ്രകൃതിയുടെ വ്യത്യസ്ത ഭാവതലങ്ങളെ സൂക്ഷ്മമായി ആവിഷ്കരിച്ചിട്ടുണ്ടെന്നും കമൽ പറഞ്ഞു. ഏകാന്തതയും വിരഹവും പ്രണയവും സമന്വയിക്കുന്ന പ്രകൃതിയുടെ ആനന്ദാനുഭൂതിയാണ് മഴയുടെ ദൃശ്യപരതയെന്നും കമൽ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം അങ്കമാലി ഏരിയാ കമ്മിറ്റിയും എ.പി. കുര്യൻ പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പു.ക.സ ഏരിയാ സെക്രട്ടറി ഷാജി യോഹന്നാൻ അദ്ധ്യക്ഷനായി. പഠനകേന്ദ്രം വൈസ് പ്രസിഡന്റ് കെ.എസ്.മൈക്കിൾ, ആലുവ യു.സി. കോളേജ് പ്രിൻസിപ്പൽ ഡോ.എം.ഐ.പുന്നൂസ്, രാജൻ ആന്റണി, ഗ്രന്ഥകാരൻ ജോസ് തെറ്റയിൽ പു.ക.സ അങ്കമാലി ഏരിയാ പ്രസിഡന്റ് അഡ്വ.കെ.വി.വിപിൻ എന്നിവർ സംസാരിച്ചു.