
മൂവാറ്റുപുഴ: അദ്ധ്യാപനത്തോടൊപ്പം ക്ഷീരമേഖലയിലും വിജയഗാഥ തീർത്ത് മുളവൂർ കാട്ടകുടിയിൽ കെ.എം.അബ്ദുൽ കരീം മാഷ്. പുസ്തകങ്ങൾക്കൊപ്പം പാൽപാത്രങ്ങളെയും ചേർത്തുപിടിച്ച അബ്ദുൽ കരീം നാട്ടിലെ വലിയ ഫാമിന്റെ ഉടമയാണ്.
ഇരുപത്തിനാലാം വയസിലാണ് പല്ലാരിമംഗലം കുടമുണ്ട സീതി സാഹിബ് മെമ്മോറിയൽ എൽ.പി സ്കൂളിൽ അദ്ധ്യാപകനായി അബ്ദുൽ കരീം ജോലിയിൽ പ്രവേശിച്ചത്. ഇതിനിടെ പശു പരിപാലനവും ആരംഭിച്ചു. തന്റെ വീട്ടിൽ ശുദ്ധമായ പാൽ ഉപയോഗിക്കുന്നതിനുവേണ്ടി രണ്ട് പശുക്കളെ വളർത്തിയായിരുന്നു തുടക്കം. ഇപ്പോഴത് മുപ്പതോളം പശുക്കളും കിടാരികളും അടങ്ങുന്ന പഞ്ചായത്തിലെ തന്നെ വലിയൊരു ഫാമായി മാറിക്കഴിഞ്ഞു. മുളവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന കരീം മാഷ് സംഘം പ്രസിഡന്റാണ്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഘം പ്രസിഡന്റും അദ്ദേഹം തന്നെ, 34 വയസ്. മൃഗസംരക്ഷണ വകുപ്പിന്റെ സഹായവും പിന്തുണയും ഈ മേഖലയിൽ തന്റെ വിജയത്തിന് തുണയായെന്ന് അബ്ദുൾ കരീം പറഞ്ഞു. നാട്ടിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായ അബ്ദുൾ കരീം മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും പ്രഭാഷകനും മാതൃകാ അദ്ധ്യാപകനും കൂടിയാണ്.