
കൊച്ചി: മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം മെഡിക്കൽ വിദ്യാർത്ഥികൾക്കായി ചൈന വാതിൽ തുറന്നെങ്കിലും ഭീമമായ വിമാന നിരക്കും ക്വാറന്റൈൻ ചെലവും രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കി. ചൈനയിലെത്താൻ അഞ്ചു ലക്ഷം രൂപ ചെലവ് വരും.എംബസിയിലെ നടപടിക്രമങ്ങളാണ് മറ്റൊരു കടമ്പ.
കൊവിഡ് ഒന്നാം തരംഗം ആരംഭിച്ചപ്പോൾ നാട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് തിരിച്ചുപോകാൻ വിഷമിക്കുന്നത്. 43 ൽ 10 മെഡിക്കൽ സർവകലാശാലകൾ തിരിച്ചെത്താൻ അനുമതിപത്രം നൽകാൻ ആരംഭിച്ചു. എൻ.ഒ.സി ഇന്ത്യയിലെ ചൈനീസ് എംബസിയിൽ സമർപ്പിച്ചാൽ വിസ അനുവദിക്കും.
ചൈനയിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനമില്ല. ശ്രീലങ്ക, സിംഗപ്പൂർ വഴിയേ പോകാൻ കഴിയൂ. രണ്ടു ലക്ഷം രൂപയോളം ഇതിന് ചെലവാകും. നേരിട്ട് വിമാനമുണ്ടായിരുന്നപ്പോൾ അര ലക്ഷമായിരുന്നു പരമാവധി ടിക്കറ്റ് നിരക്ക്.ചൈനയിലെത്തിയാൽ ഏഴു മുതൽ 10 വരെ ദിവസം ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം. ഇതിനായി രണ്ടു മുതൽ മൂന്നു ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടിൽ കരുതണമെന്ന് നിർദ്ദേശമുണ്ട്.
എംബസിയിലും
കുരുക്ക്
ഇ-മെയിലിലാണ് സർവകലാശാലകൾ എൻ.ഒ.സി നൽകുന്നത്. ഒറിജിനൽ എൻ.ഒ.സി തന്നെ ഹാജരാക്കണം. ഇതെത്താൻ പത്തു ദിവസം വേണം. ഓൺലൈനിൽ ബുക്ക് ചെയ്ത് എൻ.ഒ.സിയുമായി ഡൽഹിയിലെ എംബസിയിലെത്തി വിസ നടപടികൾ പൂർത്തിയാക്കണം.
നേരിട്ട് വിമാനം ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ എന്നിവർക്ക് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ തിരിച്ചുപോകലിന് നയതന്ത്ര ഇടപെടലാണ് ആവശ്യം.
''വന്ദേഭാരത് മിഷൻ വഴി വിദേശത്തു നിന്ന് നാട്ടിലെത്തിച്ചതുപോലെ വിദ്യാർത്ഥികളെ തിരിച്ചയയ്ക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. നോർക്കയും സംസ്ഥാന സർക്കാരും വിദ്യാർത്ഥികൾക്കായി ഇടപെടണം.""
മുഹമ്മദ് സഹീർ
ജോയിന്റ് സെക്രട്ടറി
പേരന്റ്സ് അസോ.
''വിദ്യാഭ്യാസ വായ്പയെടുത്താണ് വിദേശത്ത് പഠിപ്പിക്കുന്നത്. തിരിച്ചുപോകാൻ അഞ്ചു ലക്ഷം രൂപയോളം ചെലവഴിക്കാൻ പലർക്കും കഴിയില്ല. കേന്ദ്ര സർക്കാർ ഇടപെടണം.""
ജെമ്മ ജയിംസ്
രക്ഷിതാവ്