
മുന്നിലുള്ളത് 30 ദിവസം, ചതിച്ചത് ലഹരി മാഫിയ
കൊച്ചി: ലഹരിമാഫിയയുടെ ചതിയിൽ കുടുങ്ങി, ഹാഷിഷ് ഓയിൽ കടത്തിയെന്ന കേസിൽ ഖത്തറിൽ ജയിലിലായ മകൻ യശ്വന്തിനെ (24) രക്ഷിക്കാൻ വരാപ്പുഴ പാപ്പുത്തറ വീട്ടിൽ ജയയ്ക്ക് മുന്നിലുള്ളത് 30 ദിവസം മാത്രം. അതിനുള്ളിൽ മകനെ, സുഹൃത്ത് കുടുക്കിയതാണെന്നും നിരപരാധിയാണെന്നുമുള്ള രേഖകൾ എത്തിക്കാനായില്ലെങ്കിൽ കേസ് കോടതിയിലെത്തും. തുടർന്ന് വിധി വരുന്നതുവരെ ജയിലിൽ കിടക്കേണ്ടിവരും. ആവശ്യമായ രേഖകൾ ശരിയാക്കി അവിടെ എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ജയ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി. മുരളീധരനും പരാതി നൽകി. ഉന്നതർ നേരിട്ട് വിളിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് ഖത്തർ ജയിൽ അധികൃതർ അറിയിച്ചതായി ജയ പറയുന്നു.
ജൂൺ ഏഴിനാണ് ജയയുടെ പരിചയക്കാരനായ എടത്തല സ്വദേശി നിയാസിന്റെ വാക്കുവിശ്വസിച്ച്, മർച്ചന്റ് നേവി ഡിപ്ലോമ കോഴ്സ് പാസായ മകനെ ഖത്തറിലേക്ക് അയച്ചത്. ഫിഫ ഫുട്ബാൾ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളിൽ ജോലിയൊഴിവ് ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിയാസ് സമീപിച്ചത്. വീട്ടുപണിക്കുപോയി കുടുംബം പോറ്രുന്ന ജയ അതിനെ പ്രതീക്ഷയോടെ കണ്ടു.
സൗജന്യ വിസയും വിമാനടിക്കറ്റുമെല്ലാം നിയാസ് തരപ്പെടുത്തി. നെടുമ്പാശേരിയിൽ നിന്ന് ദുബായിൽ എത്തി. അവിടെ നിന്ന് ഖത്തറിലേക്കുള്ള യാത്രയ്ക്കിടെ അടിയന്തരമായി എത്തിക്കേണ്ട മരുന്നാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു പാഴ്സൽ യശ്വന്തിനെ ഏൽപ്പിച്ചു. ഖത്തറിൽ വിമാനത്താവള അധികൃതർ പിടികൂടിയപ്പോഴാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് അതിനുള്ളിലെന്ന് അറിയുന്നത്.
മകനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനെത്തുടർന്ന് നിയാസിനെ ജയ വിളിച്ചപ്പോൾ ക്വാറന്റൈനിൽ ആയിരിക്കുമെന്ന് പറഞ്ഞൊഴിഞ്ഞു. ജയിലിൽ നിന്ന് യശ്വന്ത് വിളിച്ചപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. തുടർന്ന് ആലുവ റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ നിയാസിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. ഇതടക്കമുള്ള രേഖകൾ ഖത്തറിൽ എത്തിച്ച് മകനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജയ.
മറ്റു പലരും ജയിലിൽ
നിയാസും സംഘവും സമാന രീതിയിൽ കബളിപ്പിച്ച് വിദേശത്തേക്ക് അയച്ച 25ലധികം പേരിൽ പലരും ജയിലിലാണ്. ടൂറിസ്റ്ര് വിസയാണ് സംഘം നൽകിയിരുന്നത്.