edayappuram-road
എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം റോഡ് തകർന്ന് തരിപ്പണമായ നിലയിൽ

ആലുവ: മാവേലിമന്നനെ വരവേൽക്കാനൊരുങ്ങിയ ആഹ്ളാദനാളിലും എടയപ്പുറം റോഡിൽ കാത്തിരിക്കുന്നത് മരണക്കുഴികളും ചെളിയും. വർഷത്തിലൊരിക്കൽ പ്രജകളെ കാണാനെത്തുന്ന 'മാവേലി'പോലും എടയപ്പുറം നിവാസികളെ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്.

തോട്ടുമുഖം മുതൽ അശോകപുരംവരെ മൂന്നുകിലോമീറ്റർ നീളത്തിൽ എടയപ്പുറം റോഡ് ബി.എം ബി.സി ടാറിംഗിന് ഒന്നരവർഷം മുമ്പാണ് പി.ഡബ്ളു.ഡി ഒരുകോടിരൂപ അനുവദിച്ചത്. സാങ്കേതിക - ഭരണാനുമതി ലഭിച്ചതിന് പിന്നാലെയാണ് കിൻഫ്ര കുടിവെള്ള പദ്ധതിയുടെ പാരയെത്തുന്നത്. കാക്കനാട് കിൻഫ്രയിലേക്ക് വെള്ളം നൽകുന്നതിന് തോട്ടുമുഖത്ത് പ്രത്യേക ജലശുദ്ധീകരണശാല സ്ഥാപിച്ച് കുടിവെള്ളം നൽകുന്നതായിരുന്നു പദ്ധതി. ഇതിനായി തോട്ടുമുഖം, എടയപ്പുറം, അശോകപുരം, എൻ.എ.ഡി വഴി ഭൂഗർഭപൈപ്പുകൾ സ്ഥാപിക്കണം. പ്രദേശത്തെ എം.എൽ.എമാരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ അറിയാതെ വ്യവസായവകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി എടയപ്പുറം റോഡ് ടാറിംഗ് നടപടികൾ നിർത്തിവയ്ക്കാൻ നിർദ്ദേശം ലഭിച്ചു. കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചശേഷം ടാറിംഗ് നടത്താനായിരുന്നു നിർദ്ദേശം.

ഏപ്രിലിൽ പൈപ്പിടൽ ആരംഭിച്ചതോടെയാണ് പദ്ധതിയുടെ ഭീകരത ജനങ്ങൾ തിരിച്ചറിഞ്ഞത്. റോഡ് രണ്ടായി പിളർത്തി മദ്ധ്യഭാഗത്തുകൂടെയാണ് ഭീമൻ ജി.ഇ പൈപ്പുകൾ സ്ഥാപിച്ചത്. ഭാവിയിൽ 'പൈപ്പ് ലൈൻ റോഡ്' ആയേക്കുമെന്ന ആശങ്ക ബലപ്പെട്ടതോടെ ജനം പ്രകോപിതരായി. മേയ് അവസാനത്തോടെ പൈപ്പിടൽ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും 300 മീറ്റർ കഴിഞ്ഞപ്പോഴേക്കും നിർമ്മാണം നിശ്ചലമായി. ദിവസേന റോഡിലെ കുഴികൾ വലുതാകുകയാണെന്ന് മാത്രമല്ല മഴകൂടി പെയ്താൽ ചെളിയും ചേറുമായി. എടയപ്പുറം വഴി പൈപ്പിടുന്നത് ഉപേക്ഷിക്കണമെന്നും റോഡ് ടാറിംഗ് എത്രയും വേഗം പൂർത്തീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ അപകടകരമായ സാഹചര്യത്തിലാണെന്ന അൻവർ സാദത്ത് എം.എൽ.എയുട പരാതിയെത്തുടർന്ന് കുറെ പൈപ്പുകൾ യാർഡുകളിലേക്ക് നീക്കി. പദ്ധതിയുടെ തടസം നീക്കാൻ ഉന്നതതലയോഗം വിളിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചിരുന്നെങ്കിലും നടന്നിട്ടില്ല.

മന്ത്രിക്ക് ഡി.വൈ.എഫ്.ഐ നിവേദനം

എടയപ്പുറം റോഡ് ടാറിംഗ് എത്രയുംവേഗം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വ്യവസായമന്ത്രി പി. രാജീവിന് നിവേദനം നൽകിയാതായി സി.പി.എം എടയപ്പുറം ബ്രാഞ്ച് സെക്രട്ടറി പി.എസ്. ജയൻ പറഞ്ഞു.