അങ്കമാലി: രോഗികളായ നാല് സ്ത്രീകൾ താമസിക്കുന്ന വീടിന് സൗജന്യമായി വയറിംഗ് നടത്തിക്കൊടുത്ത് വിദ്യാർത്ഥികൾ മാതൃകയായി. മൂക്കന്നൂർ ബാലനഗർ ഐ.ടി.സിയിലെ ഇലക്ട്രിക്കൽ അദ്ധ്യാപികയായ കെ.എൻ. രമയുടെ നേതൃത്വത്തിൽ 2021 - 22ലെ ഇലക്ട്രിക്കൽ സീനിയർ വിദ്യാർത്ഥികൾ മൂക്കന്നൂർ പഞ്ചായത്ത് ആറാംവാർഡിൽ താമസിക്കുന്ന പുതുവ ഔസേപ്പ് മത്തായിക്ക് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ലഭിച്ച വീടാണ് വിദ്യാർത്ഥികൾ വയറിംഗ് ചെയ്തുകൊടുത്തത് . സ്വിച്ച്ഓൺ കർമ്മം പഞ്ചായത്ത് അംഗം ലൈജു ആന്റു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോളി വിൻസെന്റ്, പ്രിൻസിപ്പൽ ബ്രദർ. സിമോൻ ചേരാമല്ലൂക്കാരൻ, പഞ്ചായത്ത് അംഗം കെ.വി. ബിനീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.