കൊച്ചി: കോർപ്പറേഷനിലെ നികുതി അപ്പീൽ കമ്മിറ്റി അംഗത്തിന്റെ ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കൗൺസിലർ ബിന്ദു മണിക്ക് ജയം. ഇതോടെ എൽ.ഡി.എഫിന് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളായി. 9 അംഗ കമ്മിറ്റിയിൽ എൽ.ഡി.എഫിന് നേരത്തെ രണ്ട് അംഗങ്ങളാണുണ്ടായിരുന്നത്. 71 കൗൺസിലർമാർ വോട്ടു ചെയ്ത തിരഞ്ഞെടുപ്പിൽ 35 വോട്ട് ബിന്ദു മണിക്ക് ലഭിച്ചു. യു.ഡി.എഫ് കൗൺസിലർ രജനി മണിക്ക് 31 വോട്ടും ബി.ജെ.പി കൗൺസിലർ ടി. പത്മകുമാരിക്ക് അഞ്ച് വോട്ടുമാണ് ലഭിച്ചത്.
സ്ഥിരസമിതി ചെയർമാൻമാരായ എം.എച്ച് .എം അഷ്റഫ്, ടി.കെ.അഷ്‌റഫ് എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സ്ഥലത്തില്ലാത്തതിനാൽ എൽ.ഡി.എഫ് കൗൺസിലർ ജോർജ് നാനാട്ടിന് വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല. എൽ.ഡി.എഫ്– മൂന്ന്, യു.ഡി.എഫ്– നാല്, ബി.ജെ.പി– രണ്ട് എന്നിങ്ങനെയാണ് കമ്മിറ്റിയിലെ നിലവിലെ കക്ഷിനില.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി അംഗം ടി.പത്മകുമാരിക്ക് കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതോടെയാണ് നികുതി അപ്പീൽ സമിതിയിൽ ഒഴിവുവന്നത്. ബി.ജെ.പിയിലെ പ്രിയ പ്രശാന്താണ് നികുതി അപ്പീൽ സമിതി അദ്ധ്യക്ഷ. അഞ്ചംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ അദ്ധ്യക്ഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാകൂ.
സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച എം.എച്ച്.എം അഷ്റഫ് ചെയർമാൻ സ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പിന്നീട് യു.ഡി.എഫിൽ ചേർന്നിരുന്നു. കൂറുമാറ്റ നിയമപ്രകാരം ഇദ്ദേഹത്തിനെതിരെ കേസ് നിലവിലുള്ളതിനാലാണ് വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നത്.
അതേസമയം ബി.ജെ.പിയെ നികുതിസ്ഥിരം സമിതിയിൽ നിലനിർത്തുന്നതിനാണ് സി.പി.എം മത്സരിച്ചതെന്നും ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന മൂന്നു കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ കുറ്റപ്പെടുത്തി.