
കൊച്ചി: ലോകത്തിലെ ഏറ്റവും മിടുക്കരായ ബിരുദ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പോടെ യൂറോപ്പിൽ പി.ജി പഠനത്തിന് അവസരം നൽകുന്ന യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് ഫെല്ലോഷിപ്പ് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) രണ്ട് വിദ്യാർത്ഥികൾക്ക് കൂടി. ഫിഷറീസ് സയൻസ് അവസാന വർഷ വിദ്യാർത്ഥികളായ സി.എസ്.ഗായത്രി, കാവ്യാ ഷിബു എന്നിവർക്കാണ് ഫെലോഷിപ്പ്. പഠനത്തിന് വേണ്ടിവരുന്ന മുഴുവൻ ചെലവും യൂറോപ്യൻ യൂണിയൻ വഹിക്കും ( 50 ലക്ഷം രൂപ വീതം). പിറവം തൊട്ടൂർ നെല്ലിയ്ക്കാക്കുന്നേൽ എൻ.കെ. ഷിബുവിന്റെയും സിന്ധുവിന്റെയും മകളാണ് കാവ്യാ ഷിബു. തോപ്പുംപടി മുണ്ടംവേലി പരേതനായ സി.ആർ. സുധീറിന്റെയും പി.കെ .ശ്രീദേവിയുടെയും മകളാണ് ഗായത്രി.